ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നാണ്​ സൗദി അറേബ്യ. രാജ്യത്തെ വ്യാപാര സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിയമപരിഷ്‌കാരങ്ങള്‍ തുടരുകയാണ്.

റിയാദ്​: സൗദി അറേബ്യയില്‍ അര ലക്ഷത്തോളം ഓണ്‍ലൈന്‍ സ്​റ്റോറുകൾ പ്രവര്‍ത്തിക്കുന്നതായി വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി. നാല് വര്‍ഷത്തിനിടെ രാജ്യത്ത് സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം 60 ശതമാനം വര്‍ധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദിൽ നടന്ന മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും റീട്ടെയില്‍ ലീഡേഴ്​സ് സർക്കിൾ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നാണ്​ സൗദി അറേബ്യ. രാജ്യത്തെ വ്യാപാര സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിയമപരിഷ്‌കാരങ്ങള്‍ തുടരുകയാണ്. ഖനനം, ടൂറിസം, വിനോദം, സ്‌പോർട്‌സ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപകര്‍ക്ക് മികച്ച അവസരങ്ങളാണ് സൗദിയിലുള്ളത്. പുതിയ കമ്പനികള്‍ സ്ഥാപിക്കാനാവശ്യമായ നടപടിക്രമങ്ങള്‍ 30 മിനുട്ടിനുള്ളിൽ തീരുന്നതായി ലഘൂകരിച്ചിട്ടുണ്ട്. നിക്ഷേപ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 38 നിയമങ്ങളാണ് രണ്ട് വര്‍ഷത്തിനിടെ മന്ത്രാലയം പ്രഖ്യാപിച്ചത്. 2015 മുതല്‍ 2019 വരെ രാജ്യത്ത് 60 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും 80 ശതമാനത്തോളം ലിമിറ്റഡ് ലയബിലിറ്റി കമ്പനികളും വര്‍ധിച്ചതായി മന്ത്രി വ്യക്തമാക്കി.