റിയാദ്: സൗദി അറേബ്യയില്‍ നിന്ന് ഇതുവരെ കേരളത്തിൽ എത്തിയത് പതിനായിരത്തോളം മലയാളികളെന്ന് നോർക്ക റൂട്ട്സ്. നാട്ടിലേക്ക് വരുന്നവർ പുതിയ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നോർക്ക റൂട്ട്സ് സിഇഒ അറിയിച്ചു.

നാട്ടിലെത്താനായി സൗദിയില്‍ നിന്ന് നോർക്കയിൽ രജിസ്റ്റർ ചെയ്‌തത്‌ 82,847 പേരാണ്. ഇതിൽ 9941 പേര്‍ നാട്ടിലെത്തിയതായി നോർക്ക റൂട്ട്സ് സിഇഒ ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. വന്ദേ ഭാരത് മിഷന്‍റെയും ചാർട്ട് ചെയ്തതുമായ 47 വിമാനങ്ങളിലായാണ് ഇവർ നാട്ടിലെത്തിയത്. യാത്രക്കാർ നിർബന്ധമായും പിപിഇ കിറ്റ് ധരിച്ചിരിക്കണം. ഒപ്പം സൗദിയിൽ നിന്ന് തിരിക്കുന്നതിന് മുൻപ് നോർക്കയുടെ കൊവിഡ്19 ജാഗ്രത
പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതതും നിർബന്ധമാണ്. നാട്ടിലെത്തുന്നവരുടെ വീടുകളിൽ ക്വാറന്‍റീന്‍ സൗകര്യമുണ്ടോയെന്ന് ഉറപ്പുവരുത്താനാണിത്.

വീടുകളിലെ ക്വാറന്‍റീന് പുറമെ പെയ്‌ഡ്‌ ക്വാറന്‍റീന്‍ സംവിധാനവും ലഭ്യമാണ്. വീടുകളിൽ ക്വാറന്‍റീന്‍ സൗകര്യമില്ലാത്തവർക്കും സാമ്പത്തിക
ബുദ്ധിമുട്ടുള്ളവർക്കും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീന്‍ സൗകര്യം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവർക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ സൗജന്യ കൊവിഡ് ആന്റിബോഡി പരിശോധനയും നടത്തും. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും ടാക്‌സി ലഭിക്കുമെന്നും അത്യാവശ്യ ഘട്ടത്തിൽ ആംബുലൻസ് സൗകര്യവും ലഭ്യമാക്കുമെന്നും നോർക്ക റൂട്ട്സ് സിഇഒ വ്യക്തമാക്കി.

സൗദി അറേബ്യയിൽ 5085 പേർക്ക് കൂടി രോഗമുക്തി; 41 മരണം