മസ്‌കറ്റ്: 2020ലെ ആദ്യ പത്തുമാസം ഒമാനില്‍ നിന്നും തങ്ങളുടെ രാജ്യങ്ങളിലേക്ക്  278,000  വിദേശികള്‍ മടങ്ങിയതായി ഒമാന്‍ ദേശീയ സ്ഥിതിവിവര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്  2020 ഒക്ടോബര്‍ അവസാനത്തോടെ ഒമാന്‍ സുല്‍ത്താനേറ്റിലെ പ്രവാസി തൊഴിലാളികളുടെ എണ്ണം 17% കുറഞ്ഞു.

ഇപ്പോള്‍ ഒമാനില്‍ 1,435,070 പ്രവാസികളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 1,712,798 ആയിരുന്നു. വേണ്ടത്ര രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനായി പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകള്‍ കൂടുതല്‍ പ്രവാസികളുടെ മടക്ക യാത്രക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്  ഇതിനകം 25,000 ത്തോളം പ്രവാസികള്‍   പിഴയൊന്നും കൂടാതെ രാജ്യം വിടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.