അല്‍ ഐന്‍, അല്‍ വഹ്‍ദ ടീമുകള്‍ തമ്മിലുള്ള മത്സരത്തിനിടെ കാണികള്‍ ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. 

അബുദാബി: ശനിയാഴ്‍ച നടന്ന ഫുട്‍ബോള്‍ മത്സരത്തിനിടെ കാണികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി അധികൃതര്‍. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യാന്‍ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. അല്‍ നഹ്‍യാന്‍ സ്റ്റേഡിയത്തില്‍ നടന്ന അഡ്‍നോക് പ്രോ ലീഗ് മത്സരത്തിനിടെയായിരുന്നു അനിഷ്‍ട സംഭവങ്ങള്‍ അരങ്ങേറിയത്.

അല്‍ ഐന്‍, അല്‍ വഹ്‍ദ ടീമുകള്‍ തമ്മിലുള്ള മത്സരത്തിനിടെ കാണികള്‍ ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ക്ലബ് ആരാധകരുടെ ആവേശം മറ്റുള്ളവരുടെ ജീവനും സുരക്ഷയ്‍ക്കും ഭീഷണിയായി മാറുന്നത് അനുവദിക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. 

ഇഷ്‍ട നമ്പറുകള്‍ക്കായി കോടികള്‍ വാരിയെറിഞ്ഞ് ഉടമകള്‍; ഒറ്റ ദിവസം സമാഹരിച്ചത് 60 കോടി
ദുബൈ: ഫാന്‍സി നമ്പറുകള്‍ വിതരണം ചെയ്യുന്നതിനായി ദുബൈ ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി നടത്തിയ ലേലത്തില്‍ സമാഹരിച്ചത് മൂന്ന് കോടി ദിര്‍ഹം (60 കോടിയോളം ഇന്ത്യന്‍ രൂപ). AA90 എന്ന നമ്പറിനായിരുന്നു ഏറ്റവുമധികം ഡിമാന്റ്. 27.4 ലക്ഷം ദിര്‍ഹത്തിനാണ് (5.48 കോടിയോളം ഇന്ത്യന്‍ രൂപ) ഇത് ഒരു വാഹനമുടമ സ്വന്തമാക്കിയത്.

ലേലത്തിന്റെ വിശദ വിവരങ്ങള്‍ ദുബൈ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയാണ് പുറത്തുവിട്ടത്. M73 എന്ന നമ്പറിന് 23.6 ലക്ഷം ദിര്‍ഹം (4.72 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചു. W55555 എന്ന നമ്പര്‍ 17.1 ലക്ഷം ദിര്‍ഹത്തിനും (3.42 കോടിയോളം ഇന്ത്യന്‍ രൂപ), X800 എന്ന നമ്പര്‍ 10.2 ലക്ഷം ദിര്‍ഹത്തിനും (2.04 കോടിയോളം ഇന്ത്യന്‍ രൂപ) വാഹനമുടമകള്‍ സ്വന്തമാക്കി. ആകെ 90 നമ്പറുകളാണ് ലേലത്തിനായി വെച്ചിരുന്നത്. 

ഒരു മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിക്ക് വധ ശിക്ഷ
ഉമ്മുല്‍ഖുവൈന്‍: യുഎഇയില്‍ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിക്ക് കോടതി വധശിക്ഷ (Sentenced to Death) വിധിച്ചു. യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ (Umm Al Quwain) എമിറേറ്റിലാണ് സംഭവം. 35 വയസുകാരനായ പ്രതി, തന്റെ ഒപ്പം താമസിച്ചിരുന്ന 45 വയസുകാരനെയാണ് കുത്തിക്കൊന്നത്.

ഉമ്മുല്‍ ഖുവൈനിലെ ഹംറ ഡിസ്‍ട്രിക്ടില്‍ വാടകയ്‍ക്കെടുത്ത ഒരു വീട്ടിലെ ഒരു മുറിയിലായിരുന്നു കൊല്ലപ്പെട്ടയാളും പ്രതിയും താമസിച്ചിരുന്നത്. ഇരുവരും ഒരേ രാജ്യക്കാരായിരുന്നുവെന്ന് കോടതി രേഖകള്‍ പറയുന്നു. തന്റെ ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനെ ശല്യം ചെയ്‍തതിനെച്ചൊല്ലി പ്രതിയും കൊലപ്പെട്ടയാളും തമ്മില്‍ വാക്കേറ്റമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ സുഹൃത്ത് പ്രതിയുടെ മൂക്കില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചു. ഇതിന് പകരമായാണ് പ്രതി കത്തിയെടുത്ത് കുത്തിയത്. നെഞ്ചിലും ഹൃദയത്തിലുമേറ്റ മുറിവാണ് മരണത്തിന് കാരണമായതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.