കുവൈത്തിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്തുന്നെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു. വിവരം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ കോസ്റ്റ് ഗാര്‍ഡുമായി സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി നേടിയ ശേഷമാണ് ലഹരിമരുന്ന് പിടിച്ചെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.

കുവൈത്ത് സിറ്റി: സമുദ്രമാര്‍ഗം കുവൈത്തിലേക്ക്(Kuwait) കടത്താന്‍ ശ്രമിച്ച 53 കിലോഗ്രാം ഹാഷിഷും(hashish) 5,000 കാപ്റ്റഗണ്‍ ഗുളികകളും ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഫോര്‍ സ്മഗ്ലിങ് അധികൃതര്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഒരുപ ഏഷ്യക്കാരന്‍ അറസ്റ്റിലായി. 

കുവൈത്തിലേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്തുന്നെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരുന്നു. വിവരം ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ കോസ്റ്റ് ഗാര്‍ഡുമായി സഹകരിച്ച് പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി നേടിയ ശേഷമാണ് ലഹരിമരുന്ന് പിടിച്ചെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. രണ്ട് ബാഗുകളിലായി 53 കിലോഗ്രാം ഹാഷിഷും കാപ്റ്റഗണ്‍ ഗുളികകളുമാണ് അധികൃതര്‍ കണ്ടെത്തിയത്. 

പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു. സാല്‍മിയ പ്രദേശത്ത് അപ്പാര്‍ട്ട്‌മെന്റില്‍ ഒളിപ്പിച്ച ഒരു കിലോ ഹാഷിഷ്, അര കിലോ കറുപ്പ്, 10 ഗ്രാം മെത് എന്നിവയെക്കുറിച്ചും ഇയാള്‍ വിവരം നല്‍കി. തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പ്രതിയെയും പിടിച്ചെടുത്ത ലഹരിമരുന്നും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.