താമസ, തൊഴില്‍ നിയമ ലംഘകര്‍ക്കെതിരെ കുവൈത്തില്‍ പരിശോധന കര്‍ശനമാക്കി. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ പ്രവാസിയെ അറസ്റ്റ് ചെയ്‍തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസി വനിതകള്‍ക്ക് ഇയാള്‍ അഭയം നല്‍കിയതായി കണ്ടെത്തിയത്.

സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ മറ്റ് സ്ഥലങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തിലോ അല്ലെങ്കില്‍ മണിക്കൂര്‍ അടിസ്ഥാനത്തിലോ ജോലിക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചുവരികയാണ്. പിടിയിലായ ആറ് പേരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തും.

താമസ, തൊഴില്‍ നിയമ ലംഘകര്‍ക്കെതിരെ കടുത്ത നടപടിയാണ് കുവൈത്തില്‍ ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപക പരിശോധനകള്‍ നടക്കുന്നുണ്ട്. പിടിയിലാകുന്നവരെ എത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ രേഖകള്‍ ശരിയാക്കാന്‍ ഒന്നിലധികം അവസരങ്ങള്‍ നല്‍കിയിരുന്നതിനാല്‍ ഇനി പൊതുമാപ്പ് പ്രഖ്യാപിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് സ്വമേധയാ രാജ്യം വിട്ട് പോകാനുള്ള അവസരമുണ്ട്. ഇവര്‍ക്ക് പിന്നീട് മറ്റൊരു വിസയില്‍ മടങ്ങിവരാനുമാവും.