പിടിയിലായത് ഒരു ഏഷ്യക്കാരനാണെന്ന വിവരം മാത്രമാണ് കുവൈത്ത് കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. 

കുവൈത്ത് സിറ്റി: ലഗേജിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് കടത്താന്‍ ശ്രമിച്ച പ്രവാസി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. 250 ഗ്രാം ഹാഷിഷാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് കുവൈത്ത് കസ്റ്റംസ് നടത്തിയ വിശദ പരിശോധനയില്‍ ഇത് പിടിച്ചെടുക്കുകയായിരുന്നു.

പിടിയിലായത് ഒരു ഏഷ്യക്കാരനാണെന്ന വിവരം മാത്രമാണ് കുവൈത്ത് കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടിട്ടുള്ളത്. ഇയാളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമല്ല. നാട്ടില്‍ നിന്ന് കുവൈത്തിലേക്ക് വന്നപ്പോള്‍ കൊണ്ടുവന്ന പഴങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കിടയിലാണ് രണ്ട് ചെറിയ പ്ലാസ്റ്റിക് കണ്ടെയ്‍നറുകളിലാക്കി ഹാഷിഷ് ഒളിപ്പിച്ച് വെച്ചത്. ഇവ കണ്ടെടുക്കുന്ന ദൃശ്യങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടു.

കുവൈത്ത് എയര്‍പോര്‍ട്ട് കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഒസാമ അല്‍ ശാമിയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധനകള്‍. പിടിച്ചെടുത്ത സാധനങ്ങളുടെ തൂക്കം പരിശോധിച്ചപ്പോഴാണ് 250 ഗ്രാം ഉണ്ടെന്ന് കണ്ടെത്തിയത്. പ്രതിയെ പിന്നീട് തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി കസ്റ്റംസ് അറിയിച്ചു.

Read also: കുവൈത്തിലെ സ്വദേശിവത്കരണം; ആയിരത്തിലധികം പ്രവാസി അധ്യാപകരെ ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ പിരിച്ചുവിടും