ദുബായ്: ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മേളയ്ക്ക് വ്യാഴാഴ്ച ദുബായില്‍ തുടക്കമാവും. ഏഷ്യാനെറ്റ് ന്യൂസിനൊപ്പം ഇരുപത്തിയഞ്ചോളം കോളേജുകളും വിദേശ സര്‍വകലാശാലകളും ചേര്‍ന്നാണ് 'ഡിസ്കവര്‍ ഗ്ലോബല്‍ എജുക്കേഷനെ'ന്ന വിദ്യാഭ്യാസമേള സംഘടിപ്പിക്കുന്നത്.

ഷെയ്ഖ് സായിദ് റോഡിലെ ക്രൗണ്‍പ്ലാസയില്‍ നടക്കുന്ന മേളയില്‍ പ്ലസ്ടു കഴിഞ്ഞ് തിരഞ്ഞെടുക്കേണ്ട കോഴ്‌സുകൾ, ഉയർന്നു വരുന്ന ജോലി സാധ്യതകൾ, കോഴ്‌സുകളും കോളജുകളും തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ചു പ്രശസ്‌ത കരിയർ വിദഗ്‌ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും.

പ്ലസ്ടുവിന് ശേഷം യുഎഇയിലും വിദേശത്തും പഠിക്കാനുള്ള അവസരത്തെകുറിച്ച്  സര്‍വകലാശാല അധികൃതര്‍ വിശദീകരിക്കും. എമിറേറ്റ്സ് ഏവിയേഷന്‍ അക്കാദമി, ബ്രിട്ടിഷ് കൗണ്‍സില്‍, യൂണിവേഴ്സിറ്റി ഓഫ് വോളങ്ങോ, അമിട്ടി യൂണിവേര്‍സിറ്റി, തുടങ്ങിയ പ്രശസ്ത സര്‍വകലാശാലകള്‍ വിദ്യാഭ്യാസ മേളയുടെ ഭാഗമാകും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള സ്കോളര്‍ഷിപ്പുകളും വിവിധ സര്‍വകലാശാലകള്‍ വിതരണം ചെയ്യും. ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് തത്സമയ രജിസ്ട്രേഷനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്.