Asianet News MalayalamAsianet News Malayalam

അറിവുകളും അനുഭവങ്ങളും ഓർമകളുമായി ഇന്ത്യയെ അറിയാനൊരു തീർത്ഥാടനം

പ്രവാസി വിദ്യാർഥികൾക്ക് ഇന്ത്യയെ കണ്ടെത്താനുള്ള അവസരമായിരുന്നു പ്രൗഡ് ടു ബി ആൻ ഇന്ത്യനിലൂടെ ഏഷ്യാനെറ്റ് ന്യൂസ് സമ്മാനിച്ചത്

Asianet News Proud to be an Indian 2023 Gulf Roundup afe
Author
First Published Feb 8, 2023, 12:19 AM IST

പ്രൗഡ് ടു ബി ആൻ ഇന്ത്യൻ യാത്ര ഒരു തീർഥാടനമായിരുന്നു. ജന്മനാടിനെ അറിയാനുള്ള തീർഥാടനം. തിരിച്ചറിവുകളുടെ യാത്രയായിരുന്നു ഇത്. ഇന്ത്യയെന്ന രാജ്യത്തെ അറിഞ്ഞു കൊണ്ടുള്ള യാത്ര. അകലങ്ങളിലെ ഇന്ത്യയെ അനുഭവിച്ചു കൊണ്ടുള്ള പ്രയാണം. ഒരുപാട് അറിവുകളും അനുഭവങ്ങളും ഓർമകളും സമ്മാനിച്ച ആറു ദിവസങ്ങളായിരുന്നു യുഎഇയിലെ തിരഞ്ഞെടുക്കപ്പെട്ട 23 ഇന്ത്യൻ വിദ്യാർഥികളെ സംബന്ധിച്ച് ഈ ദിവസങ്ങൾ. പ്രവാസി വിദ്യാർഥികൾക്ക് ഇന്ത്യയെ കണ്ടെത്താനുള്ള അവസരമായിരുന്നു പ്രൗഡ് ടു ബി ആൻ ഇന്ത്യനിലൂടെ ഏഷ്യാനെറ്റ് ന്യൂസ് സമ്മാനിച്ചത്.

വിസ്മയിപ്പിച്ച് റിപ്പബ്ലിക് ദിനം
24ന് ദുബായിൽ ഇന്ത്യൻ കോൺസൽ ജനറൽ അമൻപുരിയാണ് ഈ വർഷത്തെ പ്രൗഡ് ടു ബി ആൻ ഇന്ത്യൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്ത്. 25ന് ദുബായിൽ നിന്ന് ഡൽഹിയിലെത്തിയ വിദ്യാർത്ഥികൾ തൊട്ടടുത്ത ദിവസം റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായി. ഇന്ത്യയുടെ സൈനിക ശക്തിയുടെ പ്രദർശനത്തെ അവർ കയ്യടികളോടെ ആണ് വരവേറ്റത്. ബ്രഹ്മോസ് മിസൈലുകളും അർജുൻ ടാങ്കുകളുമെല്ലാം അവർ ആദ്യമായി നേരിൽ കണ്ടു. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യപ്രമേയമായ നാരീശക്തിയും വിദ്യാർഥികളുടെ മനസിൽ ചലനങ്ങളുണ്ടാക്കി. ഇന്ത്യൻ സൈന്യത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യവും സ്ഥാനവും വിദ്യാർഥികളെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചു. സ്ത്രീശക്തിക്ക് ഇത്രയും പ്രാധാന്യം നൽകുന്നത് അഭിമാനാർഹമാണെന്നായിരുന്നു അവരുടെ വിലയിരുത്തൽ. വിവിധ സംസ്ഥാനങ്ങൾ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും അവരെ ആകർഷിച്ചു. ദില്ലിയിലെ കനത്ത മഞ്ഞും തണുപ്പും വകവയ്ക്കാതെയാണ് അതിരാവിലെ തന്നെ പരേഡ് വീക്ഷിക്കാൻ വിദ്യാർഥികൾ കർത്തവ്യപഥിലേക്കെത്തിയത്.

വേറിട്ട അനുഭവങ്ങളുടെ ഷിംല
ദില്ലിയിലെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് ശേഷം വിദ്യാർഥികൾ പോയത് ഹിമാചൽ പ്രദേശിലേക്കായിരുന്നു. യാത്രക്കിടെ ഹരിയാനയിലെ മനോഹരമായ കടുക് പാടങ്ങളിലും വിദ്യാർഥികൾ ഇറങ്ങി. ഷിംല രാജ് ഭവനിൽ വിദ്യാർഥികൾ ഷിംലയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കറുമായി സംവദിച്ചു. പ്രവാസി വിദ്യാർഥികൾ ഗൾഫിലെ ഇന്ത്യയുടെ അംബാസ‍ഡർമാരായി പ്രവർത്തിക്കണമന്ന് ഗവർണർ ആഹ്വാനം ചെയ്തു. തുടർന്ന് 1972 ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സിംല കരാർ ഒപ്പ് വച്ച രാജ്ഭവനിലെ മുറിയും മേശയും ഗവർണർ വിദ്യാർഥികൾക്ക് കാണിച്ചു കൊടുത്തു. കരാറിന്റെ വിശദാംശങ്ങൾ ഗവർണറിൽ നിന്ന് തന്നെ വിദ്യാർഥികൾ നേരിട്ട് മനസിലാക്കി. വിദ്യാർഥികളുടെ ബഹുമാനാർഥം രാജ്ഭവനിൽ ഗവർണർ ചായസൽക്കാരവും ഒരുക്കിയിരുന്നു.

ഷിംലയിലെ പ്രശസ്തമായ മാൾ റോഡും കുഫ്രി പാർക്കും സംഘം സന്ദർശിച്ചു. മഞ്ഞ് പുതച്ച കുഫ്രി വിദ്യാർഥികളെ സംബന്ധിച്ച് വേറിട്ട ഒരു അനുഭവമായിരുന്നു. യുഎഇയിലെ മരുഭൂമികൾ കണ്ട് മാത്രം ശീലിച്ച വിദ്യാർഥികൾ പരസ്‍പരം മഞ്ഞ് വാരിയെറിഞ്ഞാണ് കുഫ്രിയിൽ സമയം ചെലവഴിച്ചത്. മഞ്ഞ് കണ്ടതോടെ സംഘത്തിലെ അധ്യാപകരും കുട്ടികളായി മാറി. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ ഷിംല കാൽക്ക ടോയ് ട്രെയിനിലാണ് വിദ്യാർഥികൾ ഷിംലയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങിയത്. കാട്ടിനുള്ളിലൂടെ വളഞ്ഞ് പുളഞ്ഞു തുരങ്കങ്ങളും പാലങ്ങളും കടന്നുള്ള ട്രെയിൽ യാത്ര വിദ്യാർഥികൾ ആസ്വദിച്ചു. ദുബായിലെ മെട്രോ റെയിലിൽ മാത്രം സഞ്ചരിച്ചിട്ടുള്ള വിദ്യാർഥികൾക്ക്, മലകളെ ചുറ്റി തുരങ്കങ്ങളിലൂടെ പോകുന്ന നാരോഗേജ് ട്രെയിൻ യാത്ര ഒരു വിസ്മയം തന്നെയായിരുന്നു. യാത്രയിലെ പ്രകൃതിഭംഗിയാണ് അവരുടെ മനസ് ഏറ്റവുമധികം കീഴടക്കിയത്

മഴയിലും ചോരാതെ ബീറ്റിങ് റിട്രീറ്റ് ആവേശം
ഷിംലയിൽ നിന്ന് ഡിസംബർ 29ന് വിദ്യാർഥികൾ വണ്ടിയിറിങ്ങിയത് അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയിലേക്ക് കൂടിയായിരുന്നു. ദില്ലിയിലെ കൊടും ശൈത്യത്തിനൊപ്പം മഴ കൂടിയെത്തിയതോടെ തണുപ്പ് ഇരട്ടിയായി. പക്ഷേ ഈ തണുപ്പിനൊന്നും തല്ലിക്കെടുത്താൻ പറ്റാത്ത ആവേശത്തോടെയാണ് അവർ ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങുകൾ ആസ്വദിച്ചത്. ബാൻഡുകളുടെ സംഗീതത്തിന്റെ അകമ്പടിയോടെ സൈന്യം ബാരക്കുകളിലേക്ക് മടങ്ങുന്ന കാഴ്ച വിദ്യാർഥികളെ സംബന്ധിച്ച് ഏറെ പുതുമ നിറഞ്ഞതായിരുന്നു. കനത്ത മഴ നനഞ്ഞാണ് വിദ്യാർഥികൾ ബീറ്റിങ് ദ റിട്രീറ്റ് ആസ്വദിച്ചത്. മഴയിലും തണുപ്പിലും രാജ്യത്തിനായി കാവൽ നിൽക്കുന്ന സൈനികരോടുള്ള ബഹുമാനം പലമടങ്ങ് വർധിപ്പിക്കുന്നതായിരുന്നു റിപ്പബ്ലിക് ദിന പരേഡും ബീറ്റിങ് ദ റിട്രീറ്റുമെന്ന് ഷാർജ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥി യദുനാഥ് സുരേന്ദ്രൻ പറഞ്ഞു.

യുവാക്കളുടെ ഇന്ത്യ, സാധ്യതകളുടെയും
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രേശഖറുമായി വിദ്യാർഥികൾ കൂടിക്കാഴ്ച നടത്തി. രണ്ട് വർഷത്തിനകം ഇന്ത്യ ലോകസാമ്പത്തിക ശക്തികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലൊന്നിൽ എത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യുവാക്കൾക്ക് അവസരങ്ങളുടെ സുവർണ കാലമാണ് വരുന്നതെന്നും അദ്ദേഹം വിദ്യാർഥികളെ ഓർമിപ്പിച്ചു. സംഘത്തിലെ വിദ്യാർഥികളുടെ ചോദ്യങ്ങൾക്കെല്ലാം അദ്ദേഹം മറുപടി നൽകി. വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന് വിദ്യാർഥികളെ ഓർമിപ്പിച്ചാണ് അദ്ദേഹം സംവാദം അവസാനിപ്പിച്ചത്.

ഒരു പിടി പൂക്കളുമായി ഗാന്ധിസമാധിയിൽ
ജനുവരി മുപ്പതിന് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തിൽ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തിയാണ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ യാത്ര സമാപിച്ചത്. ഗാന്ധി സമാധിയിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പാർച്ചന നടത്തിയതിന് പിന്നാലെയാണ് വിദ്യാർഥികളും പുഷ്പാർച്ചന നടത്തിയത്. ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള നിമിഷങ്ങളിലൊന്ന് എന്നാണ് അൽ ഐൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയായ ജെയ്ഷൽ നിയാസ് ആ നിമിഷത്തെ വിശേഷിപ്പിച്ചത്. ഗാന്ധിജിയെ കൂടുതൽ അടുത്തറിയാൻ കൂടിയുള്ള അവസരം കൂടിയാണ് രാജ്ഘട്ടിലെ അനുസ്മരണ ചടങ്ങുകൾ സമ്മാനിച്ചത്. ആറു ദിവസത്തെ യാത്രക്ക് ശേഷം ഡൽഹിയിൽ നിന്ന് മടങ്ങുമ്പോൾ വിദ്യാർഥികൾ ഓരോരുത്തരും പറഞ്ഞു. പ്രൗഡ് ടു ബി ആൻ ഇന്ത്യൻ. ഭാരതീയനെന്നതിൽ ഞാൻ അഭിമാനിക്കുന്നു.

ഗൾഫിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളിൽ നിന്ന് ക്വിസ് മൽസരങ്ങൾ വഴിയും ഒഎംആർ ടെസ്റ്റ് മുഖേനയുമായാണ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ യാത്രയ്ക്ക് വിദ്യാർഥികളെ തിരഞ്ഞെടുത്തത്. രണ്ടായിരത്തോളം കുട്ടികളാണ് ഓഎംആർ ടെസ്റ്റിൽ പങ്കെടുത്തത്. 1857 മുതലുള്ള ഇന്ത്യയുടെ ചരിത്രത്തെ ആസ്‍പദമാക്കിയായിരുന്നു ചോദ്യങ്ങൾ. യുഎഇയിലെ മൂന്ന് മേഖലകളിലായാണ് സ്‍മാർട്ട് ക്വിസ് മൽസരങ്ങൾ സംഘടിപ്പിച്ചത്. 

ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകളിൽ നിന്നുള്ള വിദ്യാർഥികളാണ് പ്രൗഡ് ടു ബി ആൻ ഇന്ത്യൻ യാത്രക്ക് തെര‍ഞ്ഞെടുക്കപ്പെട്ടത്. 23 വിദ്യാർഥികൾക്കൊപ്പം ഏഴ് അധ്യാപകരും സംഘത്തിലുണ്ടായിരുന്നു. 2013ലാണ് ഏഷ്യാനെറ്റ് ന്യൂസ് ആദ്യമായി പ്രൗഡ് ടു ബി ആൻ ഇന്ത്യൻ യാത്ര സംഘടിപ്പിക്കുന്നത്. ഇക്വിറ്റി പ്ലസ് അഡ്വർടൈസിങ്ങുമായി സഹകരിച്ച് ഒമ്പതാം വർഷമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നത്.

Follow Us:
Download App:
  • android
  • ios