യുഎഇയിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന് മലയാളി വനിതകൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്കാരം. പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ ശുപാർശ ചെയ്ത പേരുകളിൽ നിന്ന് പുരസ്കാരം നിർണയ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.
സ്ത്രീ അത് വെറുമൊരു വാക്കല്ല. പ്രതീകമാണ്. സ്നേഹത്തിന്റെ, കരുത്തിന്റെ, പോരാട്ടത്തിന്റെ, ത്യാഗത്തിന്റെ, കരുണയുടെ എല്ലാം പ്രതീകം. സഹജീവികളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ, പ്രതിസന്ധികളെ തോൽപ്പിച്ച, സമൂഹത്തിൽ സ്വന്തം നിലയിൽ സാന്നിധ്യം അറിയിച്ച, മാറ്റങ്ങൾക്ക് തിരി കൊളുത്തിയ യുഎഇയിലെ പ്രവാസി മലയാളി വനിതകൾക്ക് ആദരമൊരുക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്കാരം 2022 യുഎഇ പതിപ്പിലൂടെ. പ്രവാസത്തിൽ നിങ്ങളുടെ ഓരോ പ്രതിസന്ധിയിലും നിങ്ങൾക്കിടയിൽ കരുതലിന്റെ കൈത്താങ്ങായി ഇവരുണ്ടായിരുന്നു. പ്രതിസന്ധികളിൽ തോളോട് തോൾ ചേര്‍ന്ന് നിങ്ങൾക്കൊപ്പം നടന്നവരാണ് അവര്‍. അവരുടെ ഇടപെടലുകൾക്കുള്ള ആദരമാണ് ഇത്. പ്രവാസ ലോകത്തെ സ്ത്രീസമൂഹത്തിനാകെ തന്നെയുള്ള ആദരം കൂടിയായി ഇത് മാറുന്നു. അറിയാതെ പോകുന്ന, അറിയപ്പെടാതിരുന്ന, എന്നാൽ ഇടപെടലുകളിൽ എന്നും സജീവമായിട്ടുള്ളവരെയാണ് ഈ പുരസ്കാരത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നത്.
യുഎഇയിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന് മലയാളി വനിതകൾക്കാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്കാരം. പ്രവാസി സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ ശുപാർശ ചെയ്ത പേരുകളിൽ നിന്ന് പുരസ്കാരം നിർണയ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. സമൂഹത്തിൽ സഹാനുഭൂതിയോടെയുള്ള ഇടപെടൽ നടത്തിയ വനിത, മികച്ച സാമൂഹിക പ്രവർത്തക, സമൂഹമാധ്യമങ്ങളിൽ മികച്ച ഇടപെടൽ നടത്തിയ വനിതാ വ്യക്തിത്വം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. ഇതിനു പുറമേ ഒരു മരണാനന്തര ബഹുമതിയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരവും ഏഷ്യാനെറ്റ് ന്യൂസ് സമ്മാനിക്കുന്നു. യുഎഇയിലെ പ്രധാന സംഘടനകളും പ്രമുഖ വ്യക്തിത്വങ്ങളും നിര്‍ദേശിച്ച പേരുകളിൽ നിന്ന് അവാര്‍ഡ് ജൂറിയാണ് അന്തിമ വിജയികളെ നിശ്ചിയിക്കുക. നവംബർ 20ന് ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് പുരസ്കാരദാന ചടങ്ങ്. മലയാളത്തിന്റെ അഭിമാനം നടി രേവതിയായിരിക്കും പുരസ്കാരങ്ങൾ സമ്മാനിക്കുക. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍ അധ്യക്ഷത വഹിക്കും. മലയാളത്തിലെ പ്രശസ്ത സംഗീത ബാന്‍ഡ് ആയ ഊരാളിയുടെ സംഗീതനിശയും ഉണ്ടാകും. യുഎഇയിൽ ആദ്യമായാണ് ഈരാളി ബാന്‍ഡ് പരിപാടി അവതരിപ്പിക്കുന്നത്.
2014 മുതൽ കേരളത്തിൽ ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്കാരം നൽകി വരുന്നുണ്ട്. മുൻമന്ത്രി കെ.കെ ശൈലജ അടക്കമുള്ളവര്‍ ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്കാരത്തിലൂടെ ആദരിക്കപ്പെട്ടിട്ടുണ്ട്. ഇതാദ്യമായാണ് മലയാളത്തിലെ ഒരു മാധ്യമസ്ഥാപനം പ്രവാസികളിലേക്ക് ഇത്തരമൊരു ആദരവുമായി എത്തുന്നത്.
