ഇരുപത്തിയൊന്നംഗ പ്രാഥമിക ജൂറി നിര്‍ദേശിച്ച പേരുകളിൽ നിന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഒമ്പത് വനിതകൾ ചുരുക്കപ്പട്ടികയിൽ ഇടംനേടി. ഓരോ വിഭാഗത്തിലും മൂന്നു പേരെ വീതമാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയത്.

ദുബൈ: പ്രവാസ ലോകത്ത് മാറ്റത്തിന് തിരി തെളിച്ച വനിതകള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസിൻറെ ആദരം. ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്കാരം 2022 യുഎഇ എഡിഷൻ. ഈ ഞായറാഴ്ച വൈകിട്ട് അഞ്ചരക്ക് ദുബായ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് പുരസ്കാര സമര്‍പ്പണ ചടങ്ങ്. ദക്ഷിണേന്ത്യൻ സിനിമയുടെ തന്നെ അഭിമാനം രേവതിയാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. മികച്ച സാമൂഹ്യപ്രവര്‍ത്തക, ദുരിതമനുഭവിക്കുന്ന പ്രവാസികൾക്കിടയിലെ അനുകമ്പാപൂര്‍ണമായ ഇടപെടൽ, സമൂഹമാധ്യമങ്ങളിലെ താരം തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ സമ്മാനിക്കുക.

മാസങ്ങൾ നീണ്ട പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ഒടുവിലാണ് പ്രവാസ ലോകത്തെ കരുത്തുറ്റ വനിതകളുടെ അന്തിമ പട്ടികയിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് എത്തിച്ചേര്‍ന്നത്. യുഎഇയിലെ സംഘടനാ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരുമാണ് പുരസ്കാരത്തിന് അര്‍ഹതയുള്ളവരുടെ പേരുകൾ ശുപാര്‍ശ ചെയ്തത്. ഇരുപത്തിയൊന്നംഗ പ്രാഥമിക ജൂറി നിര്‍ദേശിച്ച പേരുകളിൽ നിന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഒമ്പത് വനിതകൾ ചുരുക്കപ്പട്ടികയിൽ ഇടംനേടി. ഓരോ വിഭാഗത്തിലും മൂന്നു പേരെ വീതമാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഇവരിൽ നിന്നാണ് അന്തിമ ജൂറി സ്ത്രീശക്തി പുരസ്കാര ജേതാക്കളെ നിര്‍ണയിച്ചിരിക്കുന്നത്. എംജി സർവകലാശാല മുൻ പ്രോ വിസി ഡോ.ഷീന ഷുക്കൂർ അധ്യക്ഷയായ നാലംഗ സമിതിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. നടിയും സാമൂഹ്യ പ്രവർത്തകയുമായ മാല പാർവതി, ഫാഷൻ ഡിസൈനർ ഷീല ജെയിംസ്, ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ സെലിബ്രിറ്റി പ്രൊഡ്യൂസർ ഡയാന സിൽവസ്റ്റർ എന്നിവരായിരുന്നു മറ്റ് വിധി കർത്താക്കൾ. മികവുറ്റ നോമിനികളുടെ പട്ടികയിൽ നിന്ന് ഒറ്റപ്പേരിലേക്കെത്തുക ശ്രമകരമായ ദൗത്യമായിരുന്നു എന്ന് ജൂറി അംഗങ്ങൾ വിലയിരുത്തി. പ്രവാസലോകത്തെ പെൺകരുത്തിന്റെ പ്രതീകമായ സ്ത്രീരത്നങ്ങളെ ഏകണ്ഠമായിട്ടാണ് ജൂറി തെരഞ്ഞെടുത്തത്.