Asianet News MalayalamAsianet News Malayalam

പ്രവാസി പുരസ്‌ക്കാര ജേതാവ് ഡോ സിദ്ദീഖ് അഹ്മദിന് ദമാം പൗരാവലിയുടെ സ്വീകരണം

തന്റെ എല്ലാ സൗഭാഗ്യങ്ങളുടേയും ഇടം പുണ്യ ഭൂമിയായ സൗദിയും ദമാമിലെ പ്രവാസ ജീവിതവുമാണ്. അത് കൊണ്ട് തന്നെ ദമാമിലെ പൗരസമൂഹത്തിന്റെ സ്‌നേഹ വായ്പ്പുകള്‍ ഹ്യദയത്തോട് ചേര്‍ത്ത് വെക്കുന്നതായി ഡോ സിദ്ദീഖ്  അഹ്മദ് പറഞ്ഞു.

association in Dammam welcomed pravasi award winner
Author
Muscat, First Published Aug 27, 2021, 11:04 PM IST

ദമാം: സൗദിയില്‍ നിന്നും കേന്ദ്ര സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവായ ഡോ സിദ്ദീഖ് അഹ് മദിന് ദമാം പൗരാവലി സ്വീകരണം നല്‍കി. ദമാമിലെ വ്യത്യസ്ത സംഘടനാ നേതാക്കളുടെ കൂട്ടായ്മയായ ദമാം ലീഡേഴ്‌സ് ഫോറത്തിന്റെ (ഡി എല്‍ എഫ്) നേത്യത്വത്തില്‍ കൊവിഡ് പ്രോട്ടോകാള്‍ പാലിച്ച് ദാറു അസ്സിഹാ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആരോഗ്യ പരിരക്ഷയും സൗഹ്യദവും ലക്ഷ്യമാക്കി 2016ലാണ് ദമാം ലീഡേഴ്‌സ് ഫോറം രൂപീകരിച്ചത്. സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇന്ത്യയില്‍ നിന്നും മടങ്ങി വരുവാന്‍ നല്‍കിയ സൗദി അധിക്യതരുടെ ഇളവ് സ്വാഗതാര്‍ഹമാണെന്നും ഒപ്പം സൗദിയില്‍ അംഗീകാരമുള്ള വാക്‌സിന്‍ സ്വീകരിച്ച നാട്ടിലകപ്പെട്ട ആളുകള്‍ക്കും മടങ്ങി വരുവാനുള്ള അവസരമുണ്ടാക്കാന്‍ ഇന്ത്യന്‍ എംബസി ഇടപെടണമെന്ന് ഡോ സിദ്ദീഖ് അഹ് മദ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഇന്ത്യന്‍ അംബാസറുമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. തന്റെ എല്ലാ സൗഭാഗ്യങ്ങളുടേയും ഇടം പുണ്യ ഭൂമിയായ സൗദിയും ദമാമിലെ പ്രവാസ ജീവിതവുമാണ്. അത് കൊണ്ട് തന്നെ ദമാമിലെ പൗരസമൂഹത്തിന്റെ സ്‌നേഹ വായ്പ്പുകള്‍ ഹ്യദയത്തോട് ചേര്‍ത്ത് വെക്കുന്നതായി ഡോ സിദ്ദീഖ്  അഹ്മദ് പറഞ്ഞു. ജീവിതത്തില്‍ മാതാവ് പകര്‍ന്ന് നല്‍കിയ മാത്യകകളാണ് തന്നെ മുന്നോട്ട് നയിക്കുന്നതും അത് തന്നെയാണ് തന്റെ ജീവിത വിജയത്തിന് നിതാനവുമെന്നാണ് വിശ്വസിക്കുന്നത്. സൗദിയിലെ സ്വദേശിവല്‍ക്കരണം രാജ്യത്തിന്റെ അഭിവ്യതിക്കും ഉന്നമനത്തിനും വേണ്ടിയുള്ളതാണ്. ഇത് വിദേശികളുടെ നിലവിലെ തൊഴില്‍ മേഖലക്ക് ഒരു ആശങ്കയും ഉണ്ടാക്കേണ്ടതില്ലെന്നും വിഷ്വന്‍ 2030 പദ്ധതിയുടെ ഭാഗമായി നിരവധി തൊഴിലവസരങ്ങള്‍ ഇനിയും വിദേശികളെ കാത്തിരിക്കുന്നുണ്ടെന്ന് ഡോ സിദ്ദീഖ് അഹ്മദ് കൂട്ടിചേര്‍ത്തു.

മുതിര്‍ന്ന പ്രവാസി പ്രമുഖന്‍ അഹ് മദ് പുളിക്കല്‍ ഡോ സിദ്ദീഖ് അഹ് മദിനെ പൊന്നാടയണിയിച്ചു. ഷഫീക് സി.കെ, താജ് അയ്യാരില്‍, ഫിറോസ് കോഴിക്കോട്, മുസ്തഫ തലശ്ശേരി എന്നിവര്‍ ചേര്‍ന്ന് പ്രശംസിപത്രം സമ്മാനിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ സാജിദ് ആറാട്ടുപ്പുഴ ഡോ: സിദ്ദീഖ് അഹ് മദിനേയും അവാര്‍ഡിനേയും പരിചയപ്പെടുത്തി സംസാരിച്ചു. നജീബ് അരഞ്ഞിക്കല്‍ ദമാം ലീഡേഴ്‌സ് ഫോറത്തിന്റെ കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഫോറത്തിന്റെ സജീവ അംഗമായിരുന്ന അന്തരിച്ച പി.എം നജീബിനേയും പരിപാടിയില്‍ അനുസ്മരിച്ചു.

ദമാമിലെ സാമൂഹ്യ സംസ്‌ക്കാരിക രംഗത്തെ പ്രമുഖരായ ഇ എം കബീര്‍, സി. അബ്ദുല്‍ ഹമീദ്, ആലിക്കുട്ടി ഒളവട്ടൂര്‍, കെ.എം. ബഷീര്‍, നാസ് വക്കം, ഷാജി മതിലകം, ഹബീബ് ഏലംകുളം, ശിഹാബ് കൊയിലാണ്ടി, നാസര്‍ അണ്ടോണ, നൌഫല്‍ ഡി.വി, അബ്ദുല്‍ മജീദ് കൊടുവള്ളി, സി അബ്ദുല്‍ റസാക്, ഷബീര്‍ ആക്കോട്, മുസ്തഫ പാവയില്‍, ജാംജൂം അബ്ദുല്‍ സലാം, സിറാജ് അബൂബക്കര്‍, പി.ബി. അബ്ദുല്‍ ലത്തീഫ്, മുജീബ് കളത്തില്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ആല്‍ബിന്‍ ജോസഫ് പരിപാടി നിയന്ത്രിച്ചു. സുനില്‍ മുഹമ്മദ് സ്വാഗതവും സുബൈര്‍ ഉദിനൂര്‍ നന്ദിയും പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios