എക്‌സ്‌പോ 2020യില്‍ ഇന്ത്യ പവലിയന്റെ കോര്‍പ്പറേറ്റ് പങ്കാളികളിലൊരാളായി പങ്കെടുക്കുന്ന ആസ്റ്റര്‍, ആറ് മാസത്തേക്ക് ഇന്ത്യാ പവലിയന്റെ താഴത്തെ നിലയില്‍ ഒരുക്കുന്ന പ്രഥമ ശുശ്രൂഷാ കേന്ദ്രത്തില്‍ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ നല്‍കും. 2022 ജനുവരിയിലാരംഭിക്കുന്ന എക്‌സ്‌പോ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് വീക്കില്‍ ആരോഗ്യ പരിചരണത്തിന്റെ ഒരു ആഗോള പ്രദര്‍ശനത്തിനും ആസ്റ്റര്‍ ആതിഥേയത്വം വഹിക്കും.

ദുബൈ: എക്‌സ്‌പോ 2020ല്‍(Expo 2020) പങ്കെടുക്കാന്‍ അടുത്ത ആറുമാസത്തിനുള്ളില്‍ ദുബൈ സന്ദര്‍ശിക്കുന്ന ആഗോള ടൂറിസ്റ്റുകള്‍ക്കായി വിപുലമായി പദ്ധതികള്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍(Aster DM Healthcare). എക്‌സ്‌പോ 2020യില്‍ ഇന്ത്യ പവലിയന്റെ കോര്‍പ്പറേറ്റ് പങ്കാളികളിലൊരാളായി പങ്കെടുക്കുന്ന ആസ്റ്റര്‍, ആറ് മാസത്തേക്ക് ഇന്ത്യാ പവലിയന്റെ താഴത്തെ നിലയില്‍ ഒരുക്കുന്ന പ്രഥമ ശുശ്രൂഷാ കേന്ദ്രത്തില്‍ അടിയന്തര മെഡിക്കല്‍ സേവനങ്ങള്‍ നല്‍കും. 

2022 ജനുവരിയിലാരംഭിക്കുന്ന എക്‌സ്‌പോ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് വീക്കില്‍ ആരോഗ്യ പരിചരണത്തിന്റെ ഒരു ആഗോള പ്രദര്‍ശനത്തിനും ആസ്റ്റര്‍ ആതിഥേയത്വം വഹിക്കും. ഇന്ത്യാ പവലിയന് പുറമെ എക്‌സ്‌പോ റീട്ടെയില്‍ സെന്ററില്‍ ഒരു നോണ്‍ ബ്രാന്‍ഡഡ് ആസ്റ്റര്‍ ഫാമിലി സ്റ്റോറും എക്‌സ്‌പോ വില്ലേജില്‍ ഒരു ബ്രാന്‍ഡഡ് ഫാമിലി സ്റ്റോറും ആസ്റ്റര്‍ സജ്ജീകരിക്കും. മെഡ്‌കെയറിന്റെ നേതൃത്വത്തില്‍ എക്‌സ്‌പോ റീട്ടെയില്‍ സെന്ററിലെ നോണ്‍-ബ്രാന്‍ഡഡ് ആസ്റ്റര്‍ ഫാര്‍മസി സ്റ്റോറിനുള്ളില്‍ ടെലി മെഡ്‌കെയര്‍ എന്ന പേരില്‍ ഒരു ടെലി ഹെല്‍ത്ത് ബൂത്തും ഒരുക്കും. ഡോക്ടറുമായി ഉടന്‍ ബന്ധപ്പെടാനും ആവശ്യമായ മെഡിക്കല്‍ സേവനം തേടാനുമായി സന്ദര്‍ശകര്‍ക്ക് ഈ ബൂത്ത് ഉപയോഗപ്പെടുത്താം. 

യുഎഇയുടെയും അയല്‍ രാജ്യങ്ങളുടെയും വികസന ഗതിയെ തന്നെ മാറ്റിമറിക്കുന്ന പരിപാടിയായിരിക്കും എക്‌സ്‌പോ 2020യെന്ന്പ്രതീക്ഷിക്കുന്നതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. ലോകത്തെ ഒരു പ്ലാറ്റ്‌ഫോമില്‍ ഒന്നിപ്പിക്കുകയും മഹാമാരിയുടെ ചങ്ങലക്കെട്ടിനപ്പുറത്തേക്ക് നീങ്ങാന്‍ ലോകത്തിന് ആത്മവിശ്വാസം നല്‍കുകയും ചെയ്യും. സാധാരണക്കാര്‍ക്ക് ഏറ്റവും നൂതന സാങ്കേതിക വിദ്യകള്‍ കാണാനുള്ള അതുല്യ അവസരമാണിതെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലും ജിസിസിയിലും ആസ്റ്ററിന്റെ വിപുലമായ സാന്നിധ്യമുള്ളതിനാല്‍ എക്‌സ്‌പോ 2020 വേദിയിലും ദുബൈയുടെ എല്ലാ ഭാഗങ്ങളിലും തങ്ങളുടെ ശൃംഖലകളിലൂടെ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും മെഡിക്കല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും നല്‍കി കൊണ്ട് ഈ അവസരം പ്രയോജനപ്പെടുത്താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.