പയറ് വർഗങ്ങൾക്കിടയിൽ ഒളിപ്പിച്ച് വൻ മയക്കുമരുന്ന് ശേഖരം കടത്താൻ ശ്രമം പരാജയപ്പെടുത്തി സൗദി കസ്റ്റംസ്. പിടികൂടിയത് 19.5 ലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ. അൽ ജൗഫ് പ്രവിശ്യയിലെ അൽ ഖുറയ്യാത്ത് ഗവർണറേറ്റിലുള്ള രാജ്യത്തെ ഏറ്റവും വലിയ കര അതിർത്തി പോർട്ടിലാണ് ഈ വൻ ലഹരിവേട്ട നടന്നത്.
റിയാദ്: സൗദിയെയും ജോർഡാനെയും ബന്ധിപ്പിക്കുന്ന അൽ ഹദീത അതിർത്തി ക്രോസിങ് വഴി പയറുവർഗ്ഗങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 19.5 ലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ സൗദി കസ്റ്റംസ് അധികൃതർ പിടികൂടി. അൽ ജൗഫ് പ്രവിശ്യയിലെ അൽ ഖുറയ്യാത്ത് ഗവർണറേറ്റിലുള്ള രാജ്യത്തെ ഏറ്റവും വലിയ കര അതിർത്തി പോർട്ടിലാണ് ഈ വൻ ലഹരിവേട്ട നടന്നത്.
കസ്റ്റംസ് കേന്ദ്രങ്ങളിലെ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം കണ്ടെത്തിയതെന്ന് കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വക്താവ് ഹമൗദ് അൽ ഹർബി അറിയിച്ചു. ആഭ്യന്തര മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ എന്നിവയുമായി ചേർന്ന് പഴുതടച്ച ഏകോപനത്തിലൂടെയാണ് സൗദി കസ്റ്റംസ് കള്ളക്കടത്ത് ശ്രമങ്ങളെ ചെറുക്കുന്നത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷ ഉറപ്പാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


