ദുബായിൽ നിന്ന് ആളുകൾ കൂട്ടത്തോടെ ഒഴിഞ്ഞുപോവുകയാണെന്നും രാജ്യം സുരക്ഷിതമല്ലെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ പ്രതികരിച്ച് അധികൃതർ.   ദുബായിലെ ജീവിതം സാധാരണ നിലയിലാണെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി.

ദുബായ്: ദുബായിൽ നിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുകയാണെന്നും രാജ്യം സുരക്ഷിതമല്ലെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും വ്യാജമാണെന്ന് ദുബായ് അധികൃതർ അറിയിച്ചു. ബുധനാഴ്ച ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് പുറത്തിറക്കിയ വീഡിയോയിലൂടെയാണ് ഇത്തരം തെറ്റായ പ്രചരണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുബായിൽ നിന്ന് ആളുകൾ കൂട്ടത്തോടെ മടങ്ങുന്നുവെന്നും വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ബാങ്കുകൾ നിക്ഷേപകരുടെ പണം മരവിപ്പിച്ചുവെന്നും പ്രോപ്പർട്ടി മാർക്കറ്റ് തകർന്നു എന്നുമാണ് ഇതിലെ മറ്റ് അവകാശ വാദങ്ങൾ. സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന തരത്തിലുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

എന്നാൽ ഈ വാർത്തകളെല്ലാം തീർത്തും അടിസ്ഥാനരഹിതമാണെന്നും ദുബായിലെ ജീവിതം സാധാരണ നിലയിലാണെന്നും അധികൃതർ വ്യക്തമാക്കി. അഭ്യൂഹങ്ങൾക്ക് പിന്നാലെ പോകാതെ വസ്തുതകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ദുബായ് സുരക്ഷിതമാണ്, പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്ന് അധികൃതർ വ്യക്തമാക്കി. വാർത്തകൾക്കായി സർക്കാർ സംവിധാനങ്ങളെയും ഔദ്യോഗിക പ്ലാറ്റ്‍ഫോമുകളെയും മാത്രം ആശ്രയിക്കുക. വ്യാജവാർത്തകളോ പഴയ വീഡിയോകളോ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Scroll to load tweet…