മസ്കറ്റ്: ന്യൂനമർദ്ദത്തെ തുടർന്നുള്ള മഴയും പ്രതികൂല കാലാവസ്ഥയും ബുധനാഴ്ച വരെ തുടരുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ആറ് ഇന്ത്യാക്കാർക്കായുള്ള തിരച്ചിൽ പുരോഗമിച്ചു വരികയാണ്. പൊതു ജനങ്ങൾക്ക് റോയൽ ഒമാൻ പൊലീസ് കർശന ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

ശനിയാഴ്ച നാല് മണിയോടു കൂടിയാണ് സർദാർ ഫസൽ അഹ്മദ് ഖാനും കുടുംബവും വാദി ബാനി ഖാലിഡിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ അകപെട്ടത്. വാരാന്ത്യമായതിനാൽ കുടുംബവുമായി ഇബ്രയിൽ നിന്നും വാദി ബാനി ഖാലിഡിൽ എത്തിയതായിരുന്നു ഫസൽ അഹമ്മദ് ഖാൻ.

ഇബ്രയിലെ ഒരു സ്വകാര്യാ ആരോഗ്യ സ്ഥാപനത്തിൽ , ഫർമസിസ്റ് ആയി ജോലി ചെയ്തു വരുന്ന സർദാർ ഫസൽ അഹമ്മദ് പത്താൻന്റെ ഭാര്യ അർഷി ഖാൻ, മകൾ സിദ്ര ഖാൻ നാല് വയസ്, സൈദ് ഖാൻ രണ്ട് വയസ് നൂഹ് ഖാൻ 28 ദിവസം, പിതാവ് ഖാൻ ഖൈറുള്ള സത്തർ, മാതാവ് ഷബ്‌ന ബീഗം എന്നിവരാണ് ഒഴുക്കിൽ പെട്ടു കാണാതായിരുന്നത്. 

ഇവർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസമായ ഇന്നും പുരോഗമിച്ചു വരികയാണ്. വാദി ബനീഖാലിദ് മേഖലയിലാണ് ശനിയാഴ്ച ഏറ്റവുമധികം മഴ പെയ്തത്. ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനുള്ളിൽ 90.6 മില്ലി മീറ്റർ മഴയാണ് ഇവിടെ പെയ്തിറങ്ങിയത്.

കഴിഞ്ഞ ബുധനാഴ്ച മുതൽ റോയൽ ഒമാൻ പോലീസ്‌ ജാഗ്രത നിർദേശങ്ങൾ പുറപെടിവിച്ചിരുന്നു. നിർദേശങ്ങൾ പാലിക്കാത്തവരാണ്‌ അപകടത്തിൽ പെടുന്നതെന്നു ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. ഈ പ്രതികൂല കാലവസ്ഥ രാജ്യത്തുടനീളം ബുധനാഴ്ച വരെ തുടരുമെന്നും കാലവസ്ഥാ നിരീക്ഷന കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. ദാഹിരിയ ഗവര്‍ണറേറ്റിലെ യാങ്കളിൽ ആണ് ഇന്ന് കൂടുതൽ മഴ പെയ്തത്.