നേരത്തെ യുഎഇയും കുവൈത്തും സൊട്രോവിമാബ് ചികിത്സയ്ക്ക് അനുമതി നല്‍കിയിരുന്നു. 85 ശതമാനം ഫലപ്രദമാണ് ഈ മരുന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മനാമ: കൊവിഡ് രോഗികള്‍ക്ക് സൊട്രോവിമാബ് ആന്റിബോഡി ചികിത്സ നല്‍കാന്‍ ബഹ്‌റൈനില്‍ അനുമതി. സൊട്രോവിമാബ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. സൊട്രോവിമാബ് വികസിപ്പിച്ച, ഹെല്‍ത്ത് കെയര്‍ രംഗത്ത് ലോകത്തിലെ മുന്‍നിര കമ്പനിയായ ജിഎസ്കെയുടെ ക്ലിനിക്കല്‍ ട്രയലുകളില്‍ ഇത് കൊവിഡ് രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സയാണെന്ന് തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നിന്റെ അടിയന്തര ഉപയോഗത്തിന് ബഹ്‌റൈന്‍ അനുമതി നല്‍കിയത്. 

നേരത്തെ യുഎഇയും കുവൈത്തും സൊട്രോവിമാബ് ചികിത്സയ്ക്ക് അനുമതി നല്‍കിയിരുന്നു. 85 ശതമാനം ഫലപ്രദമാണ് ഈ മരുന്നെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ശ്വേതരക്താണുക്കള്‍ ക്ലോണ്‍ ചെയ്ത് നിര്‍മിക്കുന്ന മോണോക്ലോണല്‍ ആന്റിബോഡിയാണ് സൊട്രോവിമാബ്. മരണനിരക്ക് കുറയ്ക്കാനും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത് തടയാനും ഈ ചികിത്സ സഹായകമാണ്. കൊവിഡിന്റെ വകഭേദങ്ങളെ തടയാന്‍ ഈ മരുന്നിന് സാധിക്കുമെന്ന് പ്രീ ക്ലിനിക്കല്‍ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona