ബഹ്‌റൈനിൽ അനധികൃതമായി താമസിക്കുന്ന പ്രവാസി തൊഴിലാളികൾക്കെതിരെയുള്ള പരിശോധന എൽഎംആർഎ ശക്തമാക്കി. സെപ്റ്റംബറിൽ മാത്രം 547 പേരെ നാടുകടത്തിയതോടെ ഈ വർഷം പുറത്താക്കപ്പെട്ടവരുടെ എണ്ണം 15,000 കവിഞ്ഞു. തൊഴിൽ നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
മനാമ: ബഹ്‌റൈനിൽ അനധികൃതമായി താമസിക്കുന്ന പ്രവാസി തൊഴിലാളികൾക്കെതിരെയുള്ള പരിശോധന ശക്തമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ). സെപ്റ്റംബർ മാസത്തിൽ മാത്രം വിവിധ രാജ്യക്കാരായ 547 അനധികൃത താമസക്കാരെ നാടുകടത്തിയതായി ലേബർ വോച്ച്‌ഡോഗ് വ്യക്തമാക്കി. ഇതോടെ 2024 മുതൽ ഇതുവരെ രാജ്യത്തുനിന്ന് നാടുകടത്തപ്പെട്ട അനധികൃത വിദേശികളുടെ എണ്ണം 15,000 കവിഞ്ഞു.
സെപ്റ്റംബർ മാസത്തിൽ രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളിൽ 4,675 പരിശോധനകളും വിവിധ വകുപ്പുകളുമായി ചേർന്ന് 172 സംയുക്ത ക്യാമ്പെയ്‌നുകളും നടന്നു. ഈ പരിശോധനകളിൽ 67 അനധികൃത തൊഴിലാളികൾ പിടിയിലാവുകയും 547 പേരെ നാടുകടത്തുകയും ചെയ്തു. തലസ്ഥാന ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ സംയുക്ത പരിശോധനകൾ (74 എണ്ണം) നടന്നത്. മുഹറഖ് (57), നോർത്തേൺ (22), സതേൺ (19) എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ കണക്കുകൾ.
നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷൻ ആൻഡ് ഫോറൻസിക് എവിഡൻസ്, വിവിധ പോലീസ് ഡയറക്ടറേറ്റുകൾ, സിവിൽ ഡിഫൻസ്, കോസ്റ്റ് ഗാർഡ് എന്നിവർ സംയുക്തമായാണ് ഈ പരിശോധനകളിൽ പങ്കെടുത്തത്. കൂടാതെ, വിവിധ മന്ത്രാലയങ്ങളും വാണിജ്യ-ആരോഗ്യ മേഖലകളിലെ അതോറിറ്റികളും റെയ്ഡുകളിൽ സഹകരിച്ചു.
തൊഴിൽ വിപണിയുടെ സുസ്ഥിരതയെയും സാമ്പത്തിക-സാമൂഹിക സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എൽഎംആർഎ പ്രസ്താവനയിൽ അറിയിച്ചു. 2024 ജനുവരി മുതൽ ഇതുവരെ 1,45,607 പരിശോധനകളും 2,815 സംയുക്ത ക്യാമ്പെയ്‌നുകളുമാണ് നടത്തിയത്. ഇതിലൂടെ 4,304 പേരെ കസ്റ്റഡിയിലെടുക്കുകയും 15,210 അനധികൃത തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.
രാജ്യത്തെ തൊഴിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വെബ്‌സൈറ്റ് www.lmra.gov.bh എന്ന വെബ്സൈറ്റ്, കോൾ സെന്റർ (17506055), അല്ലെങ്കിൽ സർക്കാരിന്റെ 'തവാസുൽ' ആപ്പ് വഴിയോ പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാവുന്നതാണ്.


