മഴയ്ക്കായി പ്രാർത്ഥന നടത്താൻ ആഹ്വാനം ചെയത് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ്. ഒക്ടോബർ 9 വെള്ളിയാഴ്ച, ഉച്ചയ്ക്കത്തെ ജുമുഅ നമസ്കാരത്തിന് 30 മിനിറ്റ് മുമ്പാണ് രാജ്യത്തെ മുഴുവൻ പള്ളികളിലും ഈ പ്രത്യേക നമസ്കാരം നടക്കുക.

അബുദാബി: മഴയ്ക്കായി രാജ്യത്തെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച പ്രത്യേക പ്രാർത്ഥന (സലാത്ത് അൽ ഇസ്തിസ്ഖ ) നടത്താൻ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു. ഒക്ടോബർ 9 വെള്ളിയാഴ്ച, ഉച്ചയ്ക്കത്തെ ജുമുഅ നമസ്കാരത്തിന് 30 മിനിറ്റ് മുമ്പാണ് രാജ്യത്തെ മുഴുവൻ പള്ളികളിലും ഈ പ്രത്യേക നമസ്കാരം നടക്കുക.

നാടിനും ജനങ്ങൾക്കും കാരുണ്യത്തിന്റെ മഴ പ്രധാനം ചെയ്യാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ശൈഖ് മുഹമ്മദ് ജനങ്ങളോട് ആഹ്വാനം ചെയ്തു. മഴയുടെ ലഭ്യത കുറയുമ്പോഴോ വൈകുമ്പോഴോ അല്ലാഹുവിന്റെ കരുണ തേടി മുസ്‌ലിംകൾ നടത്തുന്ന പ്രത്യേക പ്രാർത്ഥനയാണിത്. പശ്ചാത്താപത്തോടും പ്രാർത്ഥനയോടും കൂടിയാണ് ഈ നമസ്കാരം നിർവ്വഹിക്കുന്നത്. വറുതിയും വരൾച്ചയുമുള്ള സമയങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബി മഴയ്ക്കായി പ്രത്യേക നമസ്കാരം നിർവ്വഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. വരൾച്ച നേരിടുന്ന സമയങ്ങളിൽ ഇത്തരം മഴനമസ്കാരങ്ങൾക്ക് യുഎഇ ഭരണാധികാരികൾ മുൻപും ആഹ്വാനം ചെയ്തിട്ടുണ്ട്.