Asianet News MalayalamAsianet News Malayalam

വിവാഹ മോചനക്കേസില്‍ ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമപ്രകാരം വിധി പ്രസ്‍താവിച്ച് ബഹ്റൈന്‍ കോടതി

മുസ്‍ലിംകളല്ലാത്തവരുടെ വ്യക്തപരമായ കേസുകളില്‍ അവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്‍ത രാജ്യത്തിലെ നിയമം അടിസ്ഥാനപ്പെടുത്തി വിധി പറയാമെന്ന ബഹ്റൈന്‍ നിയമത്തിലെ 21-ാം വകുപ്പ് പ്രകാരമായിരുന്നു കോടതിയുടെ നടപടി. 

Bahrain court grants divorce to indian couple as per hindu marriage act in India
Author
Manama, First Published Sep 12, 2021, 11:40 PM IST

മനാമ: വിവാഹ മോചനക്കേസില്‍ ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമപ്രകാരം വിധി പറഞ്ഞ് ബഹ്റൈന്‍ കോടതി. രാജ്യത്തെ ഹൈ അഡ്‍മിനി‍സ്‍ട്രേഷന്‍ കോടതിയാണ് ഇന്ത്യന്‍ ദമ്പതികളുടെ വിവാഹ മോചനക്കേസില്‍ 1955ലെ ഹിന്ദു വിവാഹ നിയമം അടിസ്ഥാനമാക്കി വിവാഹമോചനം അനുവദിച്ചത്. ബഹ്റൈന്‍ നിയമം 21-ാം വകുപ്പ് പ്രകാരമായിരുന്നു ഈ നടപടി.

കഴിഞ്ഞ 10 വര്‍ഷമായി തന്നില്‍ നിന്ന് അകന്നു കഴിയുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടിയാണ് ഇന്ത്യക്കാരന്‍ കോടതിയെ സമീപിച്ചത്. മുസ്‍ലിംകളല്ലാത്തവരുടെ വ്യക്തപരമായ കേസുകളില്‍ അവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്‍ത രാജ്യത്തിലെ നിയമം അടിസ്ഥാനപ്പെടുത്തി വിധി പറയാമെന്ന ബഹ്റൈന്‍ നിയമത്തിലെ 21-ാം വകുപ്പ് പ്രകാരമായിരുന്നു കോടതിയുടെ നടപടി. 

1997ല്‍ വിവാഹിതരായ ദമ്പതികള്‍ 2009 വരെ 12 വര്‍ഷം ഒരുമിച്ച് ജീവിച്ചുവെന്നും പിന്നീട് പ്രശ്‍നങ്ങളുണ്ടായെന്നുമാണ് കേസ് രേഖകള്‍ വ്യക്തമാക്കുന്നത്. ഒരുമിച്ച് പോകാനാത്ത തര്‍ക്കങ്ങള്‍ കാരണം ഇരുവരും പിന്നീട് വെവ്വേറെ സ്ഥലങ്ങളില്‍ താമസിച്ചു. ഇത് സത്യമാണെന്ന് തെളിയിക്കാന്‍ രണ്ട് സാക്ഷികളെയും ഭര്‍ത്താവ് കോടതിയില്‍ ഹാജരാക്കി. ഇയാളുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി, സാക്ഷി മൊഴികളുടെ കൂടി അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിക്കുകയായിരുന്നു.

1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ ഉപേക്ഷിച്ച് പോകുന്നവരില്‍ നിന്ന് വിവാഹ മോചനം അനുവദിക്കപ്പെടും. ഇത്തരം സാഹചര്യത്തില്‍ ഭാര്യക്കോ ഭര്‍ത്താവിനോ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്യാം.

എന്നാല്‍ ഇതാദ്യമായല്ല ഇന്ത്യയിലെ ഹിന്ദു വിവാഹ നിയമം അടിസ്ഥാനപ്പെടുത്തി ബഹ്റൈനിലെ കോടതി കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേജര്‍ സിവില്‍ കോടതിയിലും മറ്റൊരു ഇന്ത്യന്‍ ദമ്പതികളുടെ വിവാഹ മോചന കേസ് എത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഭാര്യ തന്നെ ഉപേക്ഷിച്ചുപോയെന്ന് കാണിച്ച് ഭര്‍ത്താവാണ് കോടതിയെ സമീപിച്ചതെങ്കിലും ഇതിന് തെളിവുകളോ സാക്ഷികളെയോ ഹാജരാക്കാന്‍ പരാതിക്കാരന് സാധിക്കാത്തതിനാല്‍ കോടതി കേസ് തള്ളുകയായിരുന്നു. കോടതി ചെലവുകള്‍ വഹിക്കാനും പരാതിക്കാരനോട് അന്ന് ഉത്തരവിട്ടിരുന്നു.

Follow Us:
Download App:
  • android
  • ios