ബഹ്റൈനില്‍ നിന്നും ഇസ്രയേല്‍ സ്ഥാനപതി മടങ്ങിയതായി ബഹ്റൈന്‍ പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

മനാമ: ഇസ്രയേലുമായുള്ള സാമ്പത്തിക ബന്ധം ബഹ്റൈന്‍ വിച്ഛേദിച്ചു. ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചതായും ടെല്‍ അവീവുമായുള്ള സാമ്പത്തിക ബന്ധം താല്‍ക്കാലികമായി വിച്ഛേദിച്ചതായും ബഹ്റൈന്‍ പാര്‍ലമെന്‍റ് വ്യാഴാഴ്ച അറിയിച്ചു. 

ബഹ്റൈനില്‍ നിന്നും ഇസ്രയേല്‍ സ്ഥാനപതി മടങ്ങിയതായി ബഹ്റൈന്‍ പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇസ്രയേല്‍ ഗാസയിലെ ജനങ്ങള്‍ക്ക് നേരെ തുടരുന്ന സൈനിക നടപടികള്‍ പ്രതിഷേധിച്ചാണ് ബഹ്റൈന്‍റെ തീരുമാനം. പലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ബഹ്റൈന്‍ സ്വീകരിച്ചിട്ടുള്ളതെന്ന് പാര്‍ലമെന്‍റ് വ്യക്തമാക്കി. എബ്രഹാം കരാറിന്‍റെ ഭാഗമായി 2020ലാണ് ബഹ്റൈന്‍ ഇസ്രയേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്. 

Read Also - യാത്രികരേ ഇതിലേ ഇതിലേ...ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട, പാസ്പോർട്ടും ടിക്കറ്റും മതി, കറങ്ങി കണ്ടുവരാം ഈ രാജ്യം

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ഇനി പുതിയ പേര്; വെളിപ്പെടുത്തി അധികൃതര്‍

അബുദാബി: അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റുന്നു. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേരിലായിരിക്കും വിമാനത്താവളം അറിയപ്പെടുകയെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 

വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന് മാറ്റുന്നതിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ എ തുറക്കുന്നതിനു മുന്നോടിയായാണ് പേര് മാറ്റം സംബന്ധിച്ച് ഉത്തരവിറക്കിയത്.

അതേസമയം നവംബര്‍ ഒന്നു മുതല്‍ 14 വരെ അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എ, ടെര്‍മിനല്‍ 1,2,3 എന്നിവയ്‌ക്കൊപ്പം ഒരേ സമയം പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ ടെര്‍മിനല്‍ എ സജ്ജമായിട്ടുണ്ട്.

പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ നവംബര്‍ 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍ നിന്ന് മാത്രമാകും സര്‍വീസ് നടത്തുകയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഈ ദിവസങ്ങളില്‍ യുഎഇയില്‍ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ യാത്രക്കാര്‍ അതാത് എയര്‍ലൈനുകളുമായോ എയര്‍പോര്‍ട്ടുമായോ ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. www.abudhabiairport.ae എന്ന വെബ്‌സൈറ്റില്‍ വിമാനസമയം സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...