വിവാദത്തിൽ പെട്ട് ബഹറൈൻ കേരളീയ സമാജം. കുട്ടികൾ കയറിൽ തൂങ്ങി കിടന്നുള്ള 'ചരട് പിന്നിക്കളി' ആണ് വിവാദമായത്. സംഭവത്തിൻ്റെ വീഡിയോ പ്രചരിച്ചതോടെ വ്യാപക വിമർശനം. രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ ആണ് പരിപാടി നടന്നത് എന്ന് സംഘടകരുടെ വിശദീകരണം.
ബഹറൈൻ: ഓണാഘോഷ പരിപാടിയിൽ നടന്ന കുട്ടികളെ ഉപയോഗിച്ചുള്ള 'ചരട് പിന്നിക്കളി' യുടെ പേരിൽ വിവാദത്തിൽപെട്ട് ബഹറൈൻ കേരളീയ സമാജം. കുട്ടികളെ കയറിൽ പിടിച്ച് ഉയരത്തിൽ നിർത്തി, ദേഹത്ത് ചരട് പിന്നിയെടുത്തുള്ള ഇനം സോഷ്യൽ മീഡിയയിൽ വൻ വിമർശനത്തിനിരയായി. രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ, പരിശീലനത്തിന് ശേഷമാണ് പരിപാടി നടത്തിയതെന്ന് ബഹറൈൻ കേരളീയ സമാജം വിശദീകരണവുമായി രംഗത്തെത്തി.
ബഹറൈൻ കേരളീയ സമാജത്തിലെ ഓണാഘോഷത്തോടനുബന്ധിച്ച നടന്ന പരിപാടിയിലാണ് സംഭവം. കയറിൽ തൂങ്ങിക്കിടക്കുന്ന കുട്ടിയെ ചുറ്റി നൃത്തം ചെയ്യുന്നതും പതിയെ ദേഹത്ത് ചരട് പിന്നിയെടുക്കുന്നതും ചിലർ രക്ഷിതാക്കളുടെ ചുമലിലും ചിലർ കയറിൽ തൂങ്ങിയും നിൽക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. കളി തീരുംവരെ കയറിൽ തൂങ്ങിക്കിടക്കും വിധം കുട്ടികളുടെ സുരക്ഷ അപകടത്തിലാക്കി എന്ന പേരിൽ വൻ വിമർശനമാണ് ഉയർന്നത്.
പിന്നാലെ ബഹറൈൻ കേരളീയ സമാജം വിശദീകരണവുമായി എത്തി. വീഡിയോയുടെ ചില ഭാഗങ്ങൾ മാത്രം കണ്ടാണ് വിമർശനമെന്നും ചിട്ടയായ പരിശീലനത്തോടെയും രക്ഷിതാക്കളുടെ ഇടപെടലോടെയും ആണ് പരിപാടി നടന്നതെന്നാണ് വിശദീകരണം. കണ്ടവർക്കോ മാതാപിതാക്കൾക്കോ പരാതി ഉണ്ടായില്ലെന്നും കഴിഞ്ഞ അഞ്ചുവർഷമായി നടക്കുന്നതാണെന്നും സമാജം വിശദീകരിച്ചു.
എന്നാൽ കുട്ടികളില്ലാതെ തന്നെ പൂർത്തിയാക്കാവുന്ന ഒന്നാണ് പിന്നൽ തിരുവാതിരയെന്നും ചരടു പിന്നിക്കളി എന്നും പറയുന്ന കലാരൂപമെന്നിരിക്കെ, കുട്ടികളെ ഉൾപ്പെടുത്തിയത് എന്തിനെന്നതാണ് ചോദ്യം. സമാജം തന്നെ പങ്കുവെച്ച ഇതേ കളിയുടെ മറ്റു വീഡിയോകളിൽ കുട്ടികളില്ല താനും.


