മനാമ:  കൊറോണ വൈറസ് ബാധ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ കേരളീയ സമാജം പുസ്തകോത്സവ പരിപാടികള്‍ മാറ്റിവെച്ചു. ഈ മാസം 19 ന് തുടങ്ങിയ പുസ്തകോത്സവത്തിന്റെ ബാക്കി മൂന്ന് ദിവസത്തെ പരിപാടികളാണ് മാറ്റിവെച്ചത്. സീതാറാം യെച്ചൂരി, ജയറാം രമേശ്, സ്വാമി അഗ്നിവേശ്, എം.എ.ബേബി, മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.ജി.ശങ്കരപിള്ള, വി.ആര്‍.സുധീഷ്, കെ.വി.മേഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കേണ്ട പരിപാടികളാണ് മാറ്റിവെച്ചത്. 

വൈറസ് ബാധയുടെ ഭീതിയൊഴിഞ്ഞ ശേഷം പുതിയ തിയതി അറിയിക്കുമെന്ന് പ്രസിഡന്റ് രാധാകൃഷ്ണ പിള്ള അറിയിച്ചു. ഇതുവരെ 26 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുളളത്. പ്രതിരോധ നടപടിയുടെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കീഴിലെ എല്ലാ പരിശീലന പരിപാടികള്‍ നിര്‍ത്തിവെക്കാനും കമ്മുണിറ്റി സെന്ററുകള്‍ അടച്ചിടാനും അധികൃതര്‍ ഉത്തരവിട്ടു. ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകളും ബഹ്‌റൈന്‍ നിര്‍ത്തലാക്കിയിരുന്നു. 

ഇറാനില്‍ നിന്നെത്തിയ ബഹ്‌റൈന്‍ പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെയാണ് ബഹ്‌റൈന്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്. വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളവര്‍ 444 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും നിര്‍ദ്ദേശങ്ങള്‍ പിന്തുടരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരില്‍ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ നേരെ പ്രത്യേക സജ്ജമാക്കിയ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും മന്ത്രാലയം അറിയിച്ചു.