മനാമ : കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് നോർക്ക വഴി അടിയന്തര ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് ബഹ്റൈന്‍ നവകേരള മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഇത്തരം കുടുംബങ്ങളുടെ ഭാവിജീവിതം കരുപ്പിടിപ്പിക്കാനുള്ള പ്രത്യേക പദ്ധതികൾ നോർക്കവഴി നടപ്പാക്കണമെന്നും നിവേദനത്തിൽ പറയുന്നു. 

കൊവിഡ് കാരണം വിദേശത്ത് മരണമടഞ്ഞ പ്രവാസികളുടെ മൃതദേഹങ്ങൾ പോലും നാട്ടിലുള്ള ബന്ധുക്കൾക്ക് കാണാനാകാതെ, അതാത് രാജ്യങ്ങളിൽ സംസ്കരിയ്ക്കുകയാണ് ചെയ്തുവരുന്നത്. മരണമടഞ്ഞ പ്രവാസികളിൽ ഭൂരിപക്ഷവും താഴ്ന്ന വരുമാനക്കാരായ സാധാരണ പ്രവാസികളാണ്. അവരെ ആശ്രയിച്ചു കഴിയുന്ന നാട്ടിലെ കുടുംബങ്ങൾ ഇതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. ഈ കുടുംബങ്ങളെ സഹായിയ്ക്കാനുള്ള ബാധ്യത കേരളസമൂഹത്തിനും സർക്കാരിനും ഉണ്ടെന്നും നിവേദനത്തില്‍ പറയുന്നു.

കൊവിഡ് നേരിടുന്നതിൽ ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കേരള സർക്കാരിന്റെ പ്രവർത്തങ്ങൾക്കും അതിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രിക്കും സംഘടന അഭിനന്ദനങ്ങൾ അറിയിച്ചു. പ്രവാസികള്‍ക്ക് നല്‍കിയ എല്ലാ സഹായങ്ങൾക്കും നന്ദി അറിയിക്കുന്നതായും പ്രസിഡന്റ്  ഇ.ടി ചന്ദ്രൻ, സെക്രട്ടറി റെയ്സൺ വര്‍ഗീസ് ,കോഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല എന്നിവർ അറിയിച്ചു.