ഇപ്പോൾ ഉക്രൈന്റെ ചില പ്രദേശങ്ങളിൽ ഉള്ള ആളുകളെ മാത്രം തിരിച്ചു കൊണ്ടുവരുന്നതിനുള്ള നടപടികൾ ആണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്. യുദ്ധത്തിന്റെ അവസ്ഥ പ്രവചനാതീതമാണ്. അതിർത്തി രാജ്യങ്ങൾ അനുവാദം നൽകുമ്പോൾ തിരികെവരാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുന്നത്തിനുള്ള നടപടികൾ ആണ് നടത്തേണ്ടത്.
മനാമ : യുദ്ധം നടക്കുന്ന ഉക്രൈനിൽ (Ukraine) നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെയും, ഉദ്യോഗസ്ഥരെയും ഇന്ത്യയിൽ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ അടിയന്തിരമായി ആരംഭിക്കണം എന്ന് ഒഐസിസി (OICC) ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ആവശ്യപ്പെട്ടു
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കൂടാതെ ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ഉള്ള ഇന്ത്യക്കാരുടെയും കുട്ടികൾ ഉപരിപഠനത്തിന് ഉക്രൈൻ, റഷ്യ അടക്കമുള്ള യുദ്ധം നടക്കുന്ന രാജ്യങ്ങളിൽ കുടുങ്ങികിടക്കുകയാണ്. ഇപ്പോൾ ഉക്രൈന്റെ ചില പ്രദേശങ്ങളിൽ ഉള്ള ആളുകളെ മാത്രം തിരിച്ചു കൊണ്ടുവരുന്നതിനുള്ള നടപടികൾ ആണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്. യുദ്ധത്തിന്റെ അവസ്ഥ പ്രവചനാതീതമാണ്. അതിർത്തി രാജ്യങ്ങൾ അനുവാദം നൽകുമ്പോൾ തിരികെവരാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരികെ എത്തിക്കുന്നത്തിനുള്ള നടപടികൾ ആണ് നടത്തേണ്ടത്.
യുദ്ധം ആരംഭിക്കുന്നതിന് മുൻപ് അതിഭീമമായ തുകയാണ് വിമാനകമ്പനികൾ ഈടാക്കിയിരുന്നത്. ലോൺ എടുത്തു പഠിക്കാൻ പോയ പാവപ്പെട്ട കുട്ടികൾക്ക് ഇത് വളരെ വലിയസാമ്പത്തിക ബുദ്ധിമുട്ട് ആണ് ഉണ്ടാക്കിയത്. ഇനിയും തിരിച്ചു വരാൻ ഉള്ള ആളുകളെ കേന്ദ്ര സർക്കാർ സൗജന്യമായി തിരികെ എത്തിക്കുന്നതിനും, ടിക്കറ്റിന് ഭീമമായ തുക മുടക്കി വന്ന കുട്ടികൾക്ക് ആ തുക മടക്കി നൽകുവാനും കേന്ദ്ര സർക്കാർ തയാറാകണം. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കുവാൻ വേണ്ട മുൻ കരുതലുകൾ സർക്കാരുകൾ കൈക്കൊള്ളണം എന്നും രാജു കല്ലുംപുറം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു, കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുടെ സഹായത്തോടെ മൂവായിരത്തിൽ അധികം വരുന്ന കേരളീയരായ കുട്ടികളുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി അടിയന്തിര നടപടികൾ കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാക്കുവാൻ സാധിക്കും എന്നും രാജു കല്ലുംപുറം അറിയിച്ചു.
ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണം എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ നിവേദനത്തിലൂടെ കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.
യുക്രൈനിൽ നിന്നെത്തുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് ഏറ്റെടുക്കും: സ്റ്റാലിൻ
ചെന്നൈ: യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്നു തമിഴ് നാട് സർക്കാർ. യുക്രൈനിൽ പഠിക്കാൻ പോയ തമിഴ് നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുക്രൈനിൽ കുടുങ്ങി കിടക്കുന്നവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശിച്ചു.
റഷ്യ യുക്രൈനെ ആക്രമിച്ച സാഹചര്യത്തിൽ വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ കുടുങ്ങിക്കിടക്കുകയാണ് വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാർ. ഇവരെ മടക്കിക്കൊണ്ടുവരാൻ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കുമെന്ന് സൂചന. റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങൾ അയക്കാനാണ് സാധ്യത. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ചില അതിർത്തി പോസ്റ്റുകളിൽ എത്തി.
വിദ്യാർത്ഥികൾ പലയിടത്തും ബങ്കറുകളിൽ കഴിയുകയാണ്. വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്ന കത്ത് എംബസി ഇന്നലെ യുക്രൈൻ പ്രസിഡൻറിന് നൽകിയിരുന്നു. എന്നാൽ സംഘർഷം തുടർന്നാൽ സ്ഥിതി കൈവിട്ടു പോകുമെന്ന ആശങ്കയുണ്ട്. വ്യോമമേഖല അടച്ച സാഹചര്യത്തിൽ പടിഞ്ഞാറൻ അതിർത്തിയിലെ രാജ്യങ്ങൾ വഴി ഇവരെ തിരികെ കൊണ്ടുവരാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇതിനുള്ള രജിസ്ട്രേഷൻ ഇന്ത്യ തുടങ്ങി കഴിഞ്ഞു.
