ജുഫൈറിലെ ഒരു കടയിലെത്തിയ രണ്ട് സ്ത്രീകളില്‍ ഒരാള്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ സ്ഥാപിച്ച സ്ഥലത്തെത്തുന്നതും സെയില്‍സ്മാനോട് സംസാരിച്ച ശേഷം ഈ പ്രതിമകള്‍ എറിഞ്ഞുടയ്ക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മനാമ: വ്യാപാര സ്ഥാപനത്തില്‍ സൂക്ഷിച്ച ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടച്ച് മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും മനപ്പൂര്‍വ്വം നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത വനിതയ്‌ക്കെതിരെ നടപടിയെടുത്ത് ബഹ്‌റൈന്‍ പൊലീസ്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബഹ്‌റൈന്‍ പൊലീസ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.

ജുഫൈറിലെ ഒരു കടയിലെത്തിയ രണ്ട് സ്ത്രീകളില്‍ ഒരാള്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ സ്ഥാപിച്ച സ്ഥലത്തെത്തുന്നതും സെയില്‍സ്മാനോട് സംസാരിച്ച ശേഷം പ്രതിമകള്‍ എറിഞ്ഞുടയ്ക്കുന്നതുമാണ് വീഡിയോ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ 54കാരിയായ വനിതക്കെതിരെ നടപടിയെടുത്തതായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഞായറാഴ്ച അറിയിച്ചു.

Scroll to load tweet…

കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനായുള്ള നിയമനടപടികള്‍ സ്വീകരിച്ചെന്നും ബഹ്റൈന്‍ പൊലീസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു. വലിയ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോയ്‌ക്കെതിരെ ഉയരുന്നത്.