Asianet News MalayalamAsianet News Malayalam

ബഹ്റൈൻ പ്രതിഭ നാടകമേള ജനുവരി 13ന്; പ്രവേശനം സൗജന്യം

നാല് നാടകങ്ങളുടെയും രചനയും സംവിധാനവും ഡിസൈനിങ്, ലൈറ്റിങ്, മ്യൂസിക് എന്നിവയും നിർവഹിക്കുന്നത് പ്രമുഖ നാടക പ്രവർത്തകനായ ഡോ. സാംകുട്ടി പട്ടംകരിയാണ്.

Bahrain Prathibha Nataka Mela from January 13
Author
First Published Jan 7, 2023, 10:36 PM IST

മനാമ: ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന നാടകമേള ജനുവരി 13ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജുബിലി ഹാളിൽ  ആരംഭിക്കുന്ന നാടക മേളയിൽ രണ്ട് മണിക്കൂർ വീതം ദൈർഘ്യമുള്ള നാല് നാടകങ്ങൾ അവതരിപ്പിക്കും.

നാല് നാടകങ്ങളുടെയും രചനയും സംവിധാനവും ഡിസൈനിങ്, ലൈറ്റിങ്, മ്യൂസിക് എന്നിവയും നിർവഹിക്കുന്നത് പ്രമുഖ നാടക പ്രവർത്തകനായ ഡോ. സാംകുട്ടി പട്ടംകരിയാണ്. ഒരാളുടെ തന്നെ നാല് നാടകങ്ങൾ ഒരു ദിവസം തുടർച്ചയായി അവതരിപ്പിക്കുന്നത് ജി.സി.സിയിലെയും ഒരു പക്ഷെ ഏഷ്യയിലെ തന്നെയും ആദ്യ സംരഭമായിരിക്കുമെന്ന് പ്രതിഭ ഭാരവാഹികൾ പറഞ്ഞു. 
പ്രതിഭയുടെ വിവിധ മേഖലകളാണ് നാല് നാടകങ്ങളും അവതരിപ്പിക്കുന്നത്. 

മുഹറഖ് മേഖല അവതരിപ്പിക്കുന്ന ‘സുഗന്ദ’ വിശ്രുത മലയാള ചിത്രകാരൻ രാജാ രവിവർമ്മയുടെ കലാജീവിതം ആസ്പദമാക്കിയ നാടകമാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് മോഡലായ സുഗന്ദയുടെ ജീവിതം അനാവരണം ചെയ്യുകയാണ് ഈ നാടകത്തിലൂടെ. 
മനാമ മേഖല അവതരിപ്പിക്കുന്ന ‘ഹലിയോഹലി ......ഹുലാലോ’ വൈക്കം മുഹമ്മദ് ബഷീറിന്റെ സർ റിയലിസ്റ്റിക് കഥാപാത്രങ്ങളുടെ അരങ്ങേറ്റമാണ്. കേശവൻ നായരും സാറാമ്മയും, സൈനബയും, കൃഷ്ണകുമാരിയും, മണ്ടൻ മുത്താപ്പയും, പൊൻ കുരിശ് തോമയും, ഒറ്റക്കണ്ണൻ പോക്കറും, എട്ടുകാലി മമ്മൂഞ്ഞും തുടങ്ങി ബഷീർ സൃഷ്ടിച്ച മുഴുവൻ കഥാപാത്രങ്ങളും അരങ്ങിലെത്തും. 

സൽമാബാദ് മേഖല അവതരിപ്പിക്കുന്ന ‘പ്രിയ ചെ’ എന്ന നാടകം ബോളീവിയൻ വിപ്ലവത്തിന്റെ അവസാന കാലത്തെ ചെ ഗുവേരയുടെ ജീവിതം അനാവരണം ചെയ്യുന്നതാണ്. അമേരിക്കൻ പട്ടാളം ഇല്ലാതാക്കിയ ആ വിപ്ലവകാരിയുടെ ജീവിതവും സ്വപ്നങ്ങളും യാഥാർഥ്യവും ഇതിൽ അവതരിപ്പിക്കുന്നു. 

റിഫ മേഖല അവതരിപ്പിക്കുന്ന ‘അയന കാണ്ഡം’ മഹാഭാരത കഥയെ ഇതിവൃത്തമാക്കിയ നാടകമാണ്. പാണ്ഡവരുടെ യാത്രയിൽ ഒടുക്കത്തിലാവുകയും വീണു പോവുകയും ചെയ്യുന്ന ദ്രൗപദിക്കരികിലേക്ക് തന്റെ മാത്രം മോക്ഷം എന്ന കേവല മർത്യ സ്വാർഥത വെടിഞ്ഞ് തിരികെ നടക്കുന്ന ഭീമസേനനെ ഇതിൽ കാണാം. 

നാടകമേളയിൽ പ്രവേശനം സൗജന്യമാണ്. 10 മുതൽ 11 വരെ ഓഡിറ്റോറിയത്തിൽ എത്തുന്നവർക്ക് സൗജന്യമായി ഉച്ച ഭക്ഷണം നൽകും. 2000ഓളം കാണികളെയാണ് രാത്രി 10 വരെ നീളുന്ന നാടകമേളയിലേക്ക് പ്രതീക്ഷിക്കുന്നത്. വാർത്താസമ്മേളനത്തിൽ നാടക സംഘാടക സമിതി ചെയർമാൻ പി. ശ്രീജിത്, ജനറൽ കൺവീനർ ഷെറീഫ് കോഴിക്കോട്, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, മീഡിയ പബ്ലിസിറ്റി കൺവീനർ എ.വി അശോകൻ, ഫിനാൻസ് കമ്മിറ്റി കൺവീനർ മഹേഷ് യോഗി ദാസ് എന്നിവർ പങ്കെടുത്തു.

Read also: പ്രവാസികളുടെ ശ്രദ്ധക്ക്, വീട്ടുജോലിക്കാരുടെ സ്പോൺസർഷിപ്പിന് പരിധി നിശ്ചയിച്ച് അധികൃതർ: അറിയേണ്ടതെല്ലാം!

Follow Us:
Download App:
  • android
  • ios