മനാമ: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. ബഹറിനില്‍ ഒരാള്‍കൂടി മരിച്ചു. കാസര്‍കോട്ടെ കൊവിഡ് രോഗബാധിതന്റെ കൂടെ താമസിച്ചിരുന്ന ദുബായിലെ സുഹൃത്തുക്കളെ പരിശോധനയ്ക്ക് വിധേയരാക്കി. കൊവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 51വയസ്സുള്ള ബഹറിന്‍ സ്വദേശിനിയാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കൊവിഡ് മരണം നാലായി. നിലവില്‍ 23,262 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി ബഹറിന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.  

ഇതില്‍  183 പേര്‍ ചികിത്സയിലാണ്. മൂന്നു പേരുടെ നില ഗുരുതരമായി തുടരുന്നു. അതേസമയം കാസര്‍കോട്ടെ കൊവിഡ് രോഗബാധിതന്റെ കൂടെ താമസിച്ചിരുന്ന ദുബായിലെ 14 സുഹൃത്തുക്കളെ നിരാക്ഷണത്തിലാക്കി. ഈ മാസം ഏഴിനായിരുന്നു കാസര്‍കോട്ടെ കോവിഡ് ബാധിതന്‍ ഇവരുടെ മുറിയിലെത്തിയത്. നാട്ടിലെത്തിയ ഇദ്ദേഹം  വൈറസ് ബാധിതനാണെന്ന് തിരച്ചറിഞ്ഞതോെടെ ഭീതിയില്‍ കഴിഞ്ഞ ഇവരെ സാമൂഹ്യ പ്രവര്‍ത്തകന്‍ നസീര്‍ വാടാനപള്ളിയുടെ ഇടപെടലിനെതുടര്‍ന്ന് ആരോഗ്യ വിദഗ്ധരെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

കാസര്‍കോട് ജില്ലയുടെ വിവിധ പ്രദേശത്തുകാരായ ഇവരില്‍ പലരും നായിഫിലെ കടകളില്‍ ജോലി ചെയ്യുന്നവരും ചെറുകിട ബിസിനസുകാരുമാണ്. ഇവരുടെ പരിശോധനാഫലം നാളെ രാവിലെ അറായം. ഖത്തറില്‍ പൊതു ഇടങ്ങളില്‍ ഒത്തുകൂടുന്നതിന് വിലക്കേര്‍പ്പെടുത്തി. കോര്‍ണിഷ്, പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവയെല്ലാം അടച്ചു. ഉത്തരവ് ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ രാജ്യത്തുടനീളം മൊബൈല്‍ പട്രോള്‍ സംഘവും സജീവമാണ്. രാജ്യത്ത് ഇതുവരെ 481പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.