മനാമ: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തി ബഹ്റൈന്‍. തിങ്കളാഴ്ചയാണ് 48 മണിക്കൂറിലേക്കുള്ള വിലക്ക് ബഹ്റൈന്‍ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പ്രഖ്യാപിച്ചത്. കൊറോണ വൈറസ് ബാധ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അധികൃതരുടെ സഹകരണത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുയാണെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. 

ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവരില്‍ വൈറസ് ബാധ സംശയിക്കപ്പെടുന്ന എല്ലാവരെയും പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമാവുന്ന പക്ഷം പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി ചികിത്സ നല്‍കുകയാണ് ചെയ്യുന്നതെന്ന് ബഹ്റൈന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഇപ്പോള്‍ കൊറോണ വൈറസ് ബാധിതമായ പ്രദേശങ്ങളില്‍ താമസിക്കുന്ന ബഹ്റൈന്‍ പൗരന്മാര്‍ സ്വദേശത്തേക്ക് മടങ്ങാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അധികൃതരെ വിവരമറിയിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.