മനാമ: കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസകള്‍ സൗജന്യമായി പുതുക്കുമെന്ന് ബഹ്‌റൈന്‍. അപേക്ഷ നല്‍കാതെ തന്നെ സന്ദര്‍ശക വിസകള്‍ പുതുക്കി നല്‍കുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിസ കാലാവധി കഴിഞ്ഞവര്‍ ഇതിനായി അപേക്ഷിക്കുകയോ ഫീസ് നല്‍കുകയോ വേണ്ടെതില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

വിമാന സര്‍വീസില്ലാത്തതിനാല്‍ നാട്ടിലേക്ക് പോവാന്‍ കഴിയാത്ത മലയാളികള്‍ ഉള്‍പ്പെടെയുളള പ്രവാസികള്‍ക്ക് ആശ്വാസമേകുന്നതാണ് തീരുമാനം. കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍വാഹക സമിതിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് പബ്ലിക് സെക്യൂരിറ്റി മേധാവി താരിഖ് ഹസന്‍ അറിയിച്ചു. ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കച്ചവടം ചെയ്യാനായി സര്‍ക്കാര്‍ mall.bh എന്ന പേരില്‍ വെബ്‌സൈറ്റിന് തുടക്കം കുറിച്ചതായും അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ ഉല്പന്നങ്ങള്‍ ഓണ്‍ലൈനില്‍ വില്‍ക്കാനാകും. ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ സഹായിക്കാനായി തുടങ്ങിയ വെബ്‌സൈറ്റ് കൊവിഡ് കാലത്തിന് ശേഷവും തുടരും. 

അതേസമയം റമദാന്‍ കാലത്ത് ഇഫ്ത്താര്‍, ഗബ്ക, മജ്‌ലിസ് സംഗമങ്ങള്‍ എന്നിവ നിരോധിച്ചു. പരിമിത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തുളള ഇഫ്താര്‍ നടത്താം. ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. സക്കാത്ത് വിതരണവും ശേഖരണവും ഓണ്‍ലൈന്‍ വഴിയാക്കും. റമദാനിലും കൊവിഡിനെ തടയാനുളള ശ്രമങ്ങളില്‍ പങ്കാളികളാകണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സലൂണ്‍, സിനിമാശാലകള്‍, ജിംനേഷ്യം, പൂളുകള്‍ എന്നിവ അടച്ചിടുന്നത് മെയ് ഏഴു വരെ നീട്ടി. കൊവിഡിനെതിരെ രാജ്യത്ത് തുടങ്ങിയ പ്ലാസ്മ ചികിത്സ വിജയകരമാണെന്നും അധികൃതര്‍ അറിയിച്ചു.