മനാമ: കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രത്യാഘാതങ്ങള്‍ രണ്ട് വര്‍ഷം കൊണ്ട് മറികടക്കുമെന്ന് ബഹ്റൈന്‍. ശൂറാ കൗണ്‍സിലിന്റെ പ്രതിവാര സമ്മേളനത്തില്‍ സംസാരിക്കവെ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് ഇപ്പോള്‍ തന്നെ ശക്തമായ സാമ്പത്തിക വളര്‍ച്ചയുണ്ടെന്നും അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു.

രണ്ട് വര്‍ഷം കൊണ്ട് കൊവിഡിന്റെ ആഘാതത്തെ മറികടക്കാനാവുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് ശൈഖ് ഖാലിദ് പറഞ്ഞു. രാജ്യത്തിന് ഇപ്പോഴും ശക്തമായ സാമ്പത്തിക അടിത്തറയുണ്ട്. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ മറികടന്ന് ശക്തമായി മുന്നേറാനുള്ള പ്രാപ്തിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനി പൗരന്മാരല്ലാത്തവര്‍ക്ക് രാജ്യത്ത് വസ്തുവകകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള ഭേദഗതി ചര്‍ച്ചകള്‍ക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അതേസമയം റിയല്‍ എസ്റ്റേറ്റ് മേഖലയെക്കുറിച്ചുള്ള വിദഗ്ധ പഠനങ്ങള്‍ ലഭ്യമല്ലെന്നും മേഖലയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.