Asianet News MalayalamAsianet News Malayalam

അപ്രതീക്ഷിതമായെത്തിയ ഫോണ്‍ കോള്‍ 'ജീവിതം മാറ്റിമറിച്ചു'; യുവതിക്ക് സമ്മാനമായി ലഭിച്ചത് ഏഴ് കോടി

ഫോണ്‍ കോളില്‍ സമ്മാനവിവരം അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും വലിയ സര്‍പ്രൈസാണിതെന്നും അമ്‌ന സന്തോഷം പങ്കുവെച്ചു.

Bahrain woman won 1 million dollar in bank draw
Author
Manama, First Published Jan 19, 2021, 1:50 PM IST

മനാമ: ബഹ്‌റൈനില്‍ പ്രമുഖ ബാങ്കിന്റെ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍( 7.3 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കി യുവതി. അടുത്തിടെ ബിരുദപഠനം പൂര്‍ത്തിയാക്കിയ സ്വദേശി യുവതി അമ്‌ന അല്‍ അഹ്മദിനെ തേടിയാണ് ഭാഗ്യമെത്തിയത്.

ഇത്മാര്‍ ബാങ്കിന്റെ തിമാര്‍ ഗ്രാന്റ് പ്രൈസ് നറുക്കെടുപ്പിലാണ് അമ്‌ന വിജയിയായത്. വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിലും മേല്‍നോട്ടത്തിലും ബാങ്കിന്റെ സീഫ് ഡിസ്ട്രിക്ടിലെ ആസ്ഥാനത്താണ് നറുക്കെടുപ്പ് നടന്നത്. വിജയിയായ വിവരം അമ്‌നയെ ഫോണില്‍ ബന്ധപ്പെട്ട് അധികൃതര്‍ അറിയിക്കുകയായിരുന്നു. ഫോണ്‍ കോളില്‍ സമ്മാനവിവരം അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും വലിയ സര്‍പ്രൈസാണിതെന്നും അമ്‌ന സന്തോഷം പങ്കുവെച്ചു. തീര്‍ച്ചയായും തന്റെ ജീവിതം മാറ്റിമറിക്കുന്ന വിജയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സേവിങ്സ് അക്കൗണ്ടുകളെ അടിസ്ഥാനമാക്കി നല്‍കുന്ന സമ്മാനമാണ് തിമാര്‍. ഉപയോക്താക്കള്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ സഹായിക്കുന്നതിനായാണ് ഇത്മാര്‍ ബാങ്ക് ഈ പദ്ധതിക്ക് തുടക്കമിട്ടത്. 10 വര്‍ഷം മുമ്പ് ആരംഭിച്ച തിമാര്‍ പ്രൈസിലൂടെ   29,000 ഉപയോക്താക്കള്‍ക്കായി 26 ദശലക്ഷം ഡോളര്‍ ഇതുവരെ സമ്മാനമായി നല്‍കിയതായി കഴിഞ്ഞ വര്‍ഷം ബാങ്ക് അറിയിച്ചിരുന്നു.  30 ബഹ്‌റൈന്‍ ദിനാര്‍ ശരാശരി ബാലന്‍സ് ഉള്ളവരെ തിമാര്‍ അക്കൗണ്ടിനായി പരിഗണിക്കും. ഇവര്‍ക്ക് പ്രതിമാസ നറുക്കെടുപ്പില്‍ അര്‍ഹത നേടാനാകും.

Follow Us:
Download App:
  • android
  • ios