മനാമ: ഭാര്യയുടെയും മകളുടെയും മുമ്പില്‍ വെച്ച് പ്രവാസിയെ ആക്രമിച്ച സ്വദേശി യുവാവിന് ബഹ്‌റൈനില്‍ അഞ്ചുവര്‍ഷം തടവുശിക്ഷ. ജൂലൈയില്‍ അമ് വജിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 

പ്രവാസിയുടെ മകള്‍ പൂച്ചയെ തൊഴിക്കുന്നതായി കണ്ടെന്ന് ആരോപിച്ച് 38കാരനായ ബഹ്റൈന്‍ സ്വദേശി കുട്ടിയെ ഭീഷണിപ്പെടുത്തുകയും 45കാരനായ ഈജിപ്ത് സ്വദേശിയെയും ഭാര്യയെയും അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ പ്രവാസിയെ, ഭാര്യയുടെയും മകളുടെയും മുമ്പില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു. പ്രവാസിയെ നിലത്തേക്ക് തള്ളിയിട്ടശേഷം ദേഹത്ത് കയറിയിരുന്ന് ആക്രമണം തുടരുകയായിരുന്നെന്ന് ഹൈ ക്രിമിനല്‍ കോടതി വിധിയില്‍ പറഞ്ഞു.

മര്‍ദ്ദനത്തില്‍ പ്രവാസിയുടെ മൂക്കിന് ഗുരുതര പരിക്കേറ്റു. തന്റെ മകളോട് ഇനി മേലില്‍ അമ് വജില്‍ വരരുതെന്ന് പറഞ്ഞ പ്രതി ഭാര്യയെയും അധിക്ഷേപിച്ചെന്ന് പ്രവാസി പറഞ്ഞു. ഭാര്യയെ അധിക്ഷേപിച്ചപ്പോള്‍ അത് ചോദ്യം ചെയ്ത തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നും വഴിയാത്രക്കാരാണ് പരിക്കേറ്റ തന്നെ ആശുപത്രിയിലെത്തിച്ചതെന്നും അതിന് ശേഷം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.