Asianet News MalayalamAsianet News Malayalam

Bank Scam UAE : ബാങ്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് വിറ്റ ജീവനക്കാരന് ശിക്ഷ വിധിച്ചു

100 ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കിയതിന് യുഎഇയിലെ ബാങ്ക് ജീവനക്കാരന് ശിക്ഷ

Bank employee jailed for selling customers data to scammer in UAE
Author
Dubai - United Arab Emirates, First Published Jan 13, 2022, 4:33 PM IST

ദുബൈ: യുഎഇയില്‍ (UAE) അധികാര ദുര്‍വിനിയോഗം നടത്തിയതിന് ബാങ്കിലെ കസ്റ്റമര്‍ സര്‍വീസസ് ജീവനക്കാരന് (Customer service employee) മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. 100 ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് (Scammers) ചോര്‍ത്തി നല്‍കിയതിനാണ് ദുബൈ ക്രിമിനല്‍ കോടതി (Dubai Criminal Court) ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു കേസിന് ആസ്‍പദമായ സംഭവം നടന്നത്.

ബാങ്ക് അക്കൌണ്ടില്‍ നിന്ന് 10,000 ദിര്‍ഹം നഷ്‍ടമായെന്ന് ആരോപിച്ച് ഒരു വനിത അധികൃതരെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് ജീവനക്കാരനെന്ന് പരിചയപ്പെടുത്തി യുവതിക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. ഹാക്കര്‍മാരില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനായി ബാങ്ക് തങ്ങളുടെ സംവിധാനങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണെന്ന് ഇയാള്‍ അറിയിച്ചു. തുടര്‍ന്ന് യുവതിയുടെ അക്കൌണ്ട് നമ്പര്‍, കാര്‍ഡ് നമ്പര്‍, അക്കൌണ്ടിലുള്ള തുക എന്നിവയൊക്കെ ഇയാള്‍ കൃത്യമായി പറഞ്ഞതോടെ തട്ടിപ്പുകാരനല്ലെന്ന് ധരിച്ച് യുവതി വിവരങ്ങള്‍ കൈമാറുകയായിരുന്നു. 

ഉടന്‍ തന്നെ അക്കൌണ്ടില്‍ നിന്ന് 10,000 ദിര്‍ഹം പിന്‍വലിക്കപ്പെട്ടതായി കാണിച്ചുകൊണ്ട് എസ്.എം.എസ് സന്ദേശമാണ് ലഭിച്ചത്. ഉടന്‍ തന്നെ നേരത്തെ കോള്‍ വന്ന നമ്പറിലേക്ക് യുവതി തിരിച്ചുവിളിക്കുകയും പണം പിന്‍വലിക്കപ്പെട്ട കാര്യം അന്വേഷിക്കുകയും ചെയ്‍തു. എന്നാല്‍ അത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും അടുത്ത ഒരു മെസേജ് കൂടി ലഭിക്കുന്നതോടെ ഇത് ശരിയാകുമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ അല്‍പനേരം കഴിഞ്ഞ് 10,000 ദിര്‍ഹം  കൂടി പിന്‍വലിക്കപ്പെട്ടതായുള്ള മെസേജ് വിളിച്ചു. പിന്നീട് നമ്പറിലേക്ക് തിരികെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു.

തുടര്‍ന്ന് പൊലീസും ബാങ്കിലെ ആഭ്യന്തര അന്വേഷണ സംഘവും നടത്തിയ അന്വേഷത്തില്‍ തട്ടിപ്പിന് മുമ്പ് ആറ് തവണ യുവതിയുടെ അക്കൌണ്ട് വിവരങ്ങള്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തിലെ ഒരു ജീവനക്കാരന്‍ പരിശോധിച്ചതായി കണ്ടെത്തി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്‍തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതിന് 20,000 ദിര്‍ഹവും തട്ടിയെടുക്കുന്ന പണത്തിന്റെ രണ്ട് ശതമാനവും നല്‍കാമെന്ന് തട്ടിപ്പുകാര്‍ സമ്മതിച്ചതായും ഇത് പ്രകാരം താന്‍ വിവരങ്ങള്‍ കൈമാറിയതായും അയാള്‍ പറഞ്ഞു. 100 ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇയാള്‍ ഇങ്ങനെ കൈമാറിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

Follow Us:
Download App:
  • android
  • ios