അബുദാബി: മാനദണ്ഡങ്ങള്‍ പാലിക്കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരിക്ക് 1,53,000 ദിര്‍ഹം നല്‍കാന്‍ കോടതി വിധി. കിട്ടാനുള്ള ശമ്പളവും വിരമിക്കല്‍ ആനുകൂല്യങ്ങളും നഷ്‍ടപരിഹാരവും ഉള്‍പ്പെടെയാണ് ഈ തുക. പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് ആരോപിച്ച് അറബ് വംശജയാണ് ഒരു ബാങ്കിനെതിരെ കോടതിയെ സമീപിച്ചത്.

എട്ട് വര്‍ഷമായി ജോലി ചെയ്യുന്ന തനിക്ക് എന്തെങ്കിലും വീഴ്‍ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ തന്റെ ഭാഗം കേള്‍ക്കുകയോ ചെയ്യാതെയായിരുന്നു നടപടിയെന്ന് പരാതിയില്‍ ആരോപിച്ചു. പിരിച്ചുവിടപ്പെടുമ്പോള്‍ പ്രതിമാസം 34,000 ദിര്‍ഹമായിരുന്നു ശമ്പളമായി ലഭിച്ചിരുന്നത്. മൂന്ന് മാസത്തെ കുടിശികയുള്ള ശമ്പളമടക്കം എല്ലാ ആനുകൂല്യങ്ങളും നഷ്‍ടപരിഹാരവും വേണമെന്നും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും നിയമനടപടികള്‍ക്ക് ചെലവായ തുകയും തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍ ജോലിയിലെ മോശം പ്രകടനം കാരണമാണ് നടപടിയെടുത്തതെന്നായിരുന്നു ബാങ്കിന്റെ വാദം. സ്ഥപനത്തിന്റെ നിയമങ്ങള്‍ ലംഘിക്കുന്നു, എപ്പോഴും വൈകി വരുന്നു, കാരണമില്ലാതെ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് സ്ഥാപനം നിരത്തിയത്. ഒരു മാസം മുമ്പ് നോട്ടീസ് നല്‍കിയാണ് പിരിച്ചുവിട്ടതെന്നും ബാങ്കിന്റെ അഭിഭാഷകന്‍ വാദിച്ചു.

അതേസമയം ബാങ്ക് നിരത്തിയ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. പ്രാഥമിക തൊഴില്‍ കോടതി 1,59,000 ദിര്‍ഹം യുവതിക്ക് നല്‍കണമെന്ന് വിധിക്കുകയായിരുന്നു. ഇതിനെതിരെ അപ്പലേറ്റ് കോടതിയെ ബാങ്ക് സമീപിച്ചെങ്കിലും വിധി ശരിവെയ്ക്കുകയായിരുന്നു. എന്നാല്‍ നഷ്ടപരിഹാരത്തുക 1,53,000 ആക്കി കുറച്ചു.