മസ്‍കത്ത്: വാട്ടര്‍ ഹീറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ, വ്യവസായ മന്ത്രാലയം. ഹീറ്ററുകള്‍ രാജ്യത്തെയും ജിസിസിയുടെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഒമാനിലെ വൈദ്യുത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ വാട്ടര്‍ ഹീറ്ററുകളില്‍ നിന്ന് ഷോക്കേല്‍ക്കുകയും വീടുകള്‍ക്ക് തീ പിടിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ദീര്‍ഘനേരം വാട്ടര്‍ ഹീറ്ററുകള്‍ ഓണ്‍ ചെയ്ത് വെയ്ക്കുന്നത് അതിനുള്ളില്‍ മര്‍ദം കൂടാന്‍ കാരണമാവുമെന്ന് ഡറക്ടറേറ്റ് ജനറല്‍ ഓഫ് സ്റ്റാന്‍ഡേര്‍ഡ് ആന്റ് മെട്രോളജി, ഹസ്സ ബിന്‍ മുഹമ്മദ് അറിയിച്ചു. ഹീറ്ററുകളില്‍ സേഫ്റ്റി വാല്‍വുകള്‍ ഉണ്ടെങ്കിലും ഇങ്ങനെ മര്‍ദം കൂടുന്നത് അപകടകരമാണ്. വൈദ്യുതാഘാതമേല്‍ക്കാനോ ഹീറ്ററുകള്‍ തകരാറിലാവാനോ ഇത് കാരണമാവും. വെള്ളം സംഭരിക്കുന്ന സ്ഥലത്തുകൂടി വൈദ്യുതി പ്രവഹിക്കുകയും അതുവഴി ഹീറ്റര്‍ ഉപയോഗിക്കന്ന വ്യക്തിക്ക് ഷോക്കേല്‍ക്കാനും സാധ്യതയുണ്ട്. ജീവാപായം വരെ ഇങ്ങനെ ഉണ്ടായേക്കാം. ഹീറ്ററുകള്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കുകയും 30 മിനിറ്റ് പ്രവര്‍ത്തിപ്പിച്ചശേഷം ചൂടുവെള്ളം ശേഖരിക്കുകയും ഹീറ്റര്‍ ഓഫ് ചെയ്യുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

വിപണിയില്‍ ലഭ്യമായ പല സംഭരണ ശേഷികളുള്ള വാട്ടര്‍ ഹീറ്ററുകള്‍ തങ്ങളുടെ ഹോം അപ്ലയന്‍സസ് ലബോറട്ടറിയില്‍ പരിശോധിക്കുന്ന നടപടികള്‍ ഇപ്പോള്‍ നടന്നുവരികയാണെന്നും ഡറക്ടറേറ്റ് ജനറല്‍ ഓഫ് സ്റ്റാന്‍ഡേര്‍ഡ് ആന്റ് മെട്രോളജി അറിയിച്ചു. ഹീറ്ററുകള്‍ പ്രാദേശികമായി നിര്‍മിച്ചതാണോ, ഇറക്കുമതി ചെയ്തവയാണോ, രാജ്യത്ത് അംഗീകരിക്കപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ അവ പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.