യുഎഇ വടക്കൻ തീരത്ത് എണ്ണക്കപ്പലിൽ നിന്നുണ്ടായ ചോർച്ചയെത്തുടർന്ന് ഉമ്മുൽ ഖുവൈൻ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ ബീച്ചുകൾ താത്കാലികമായി അടച്ചു. എണ്ണച്ചോർച്ച തടയുന്നതിനും പ്രദേശം വൃത്തിയാക്കുന്നതിനുമുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്. ഈ മേഖലകളിൽ മീൻപിടിക്കുന്നതിനും ബീച്ചുകൾ സന്ദർശിക്കുന്നതിനും അധികൃതർ കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അബുദാബി: യുഎഇ വടക്കൻ തീരത്തിന് സമീപം കടലിൽ ടാങ്കറിൽ നിന്നുണ്ടായ എണ്ണച്ചോർച്ചയെത്തുടർന്ന് വടക്കൻ എമിറേറ്റുകളിലെ ബീച്ചുകൾ താത്കാലികമായി അടച്ചു. എണ്ണച്ചോർച്ച തടയുന്നതിനും പ്രദേശം വൃത്തിയാക്കുന്നതിനുമുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട രൂക്ഷഗന്ധം ഈ എണ്ണച്ചോർച്ച മൂലമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഒക്ടോബർ 23നാണ് കടലിൽ എണ്ണക്കപ്പലിൽ നിന്ന് ചോർച്ചയുണ്ടായതായി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ചത്.

എണ്ണച്ചോർച്ച ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അത് പടരുന്നത് തടയാനും പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനും സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എണ്ണച്ചോർച്ച പൂർണ്ണമായി നിയന്ത്രിക്കാനും കടൽജീവികൾക്ക് ഉണ്ടാകുന്ന ആഘാതം കുറയ്ക്കാനുമുള്ള സജീവമായ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

ഈ മേഖലകളിൽ മീൻപിടിക്കരുതെന്നും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മത്സ്യത്തൊഴിലാളികളോടും കടൽയാത്രക്കാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു. ഉമ്മുൽ ഖുവൈനിലെ എല്ലാ ബീച്ചുകളും തീരദേശ മേഖലകളും താത്കാലികമായി അടച്ചു. ഷാർജയിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി അൽ ഹംരിയ ബീച്ച് അടച്ചു. ശനിയാഴ്ച മുതൽ എമിറേറ്റിലെ എല്ലാ ബീച്ചുകളും മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതായി റാസൽഖൈമ പബ്ലിക് സർവീസസ് ഡിപ്പാർട്ട്‌മെന്‍റും പ്രഖ്യാപിച്ചു.

വീണ്ടും തുറക്കുന്നത് വരെ മലിനമായ ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴിവാക്കുക, എണ്ണച്ചോർച്ച ബാധിച്ച പ്രദേശങ്ങളിൽ മീൻപിടിക്കരുത്, വ്യാജ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത്, വിവരങ്ങൾക്ക് ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കുക എന്നീ നിർദ്ദേശങ്ങൾഅധികൃതർ നൽകിയിട്ടുണ്ട്.