വടക്കൻ അയർലൻഡിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപങ്ങളെ തുടർന്ന്, യുകെയിലെ ഇന്ത്യൻ ആരോഗ്യപ്രവർത്തകർക്ക് ഡിസ്ട്രിക്റ്റ് കൗൺസിലർ ജിയോ സെബാസ്റ്റ്യൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവരുടെ സുരക്ഷയും മാനസിക പിന്തുണയും ഉറപ്പാക്കാൻ അദ്ദേഹം തൊഴിലുടമകളുമായി ബന്ധപ്പെടുന്നുണ്ടെന്നും, വിദേശ ആരോഗ്യപ്രവർത്തകരുടെ പ്രാധാന്യം അധികൃതർ എടുത്തുപറഞ്ഞതായും ലേഖനം വ്യക്തമാക്കുന്നു.
ലണ്ടൻ: വടക്കൻ അയർലൻഡിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ, യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ (NHS) ജോലി ചെയ്യുന്ന ഇന്ത്യൻ ആരോഗ്യപ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹിസ്റ്റൺ, ഇമ്പിംഗ്ടൺ, ഓർച്ചാർഡ് പാർക്ക് എന്നിവടങ്ങളിൽ നിന്നുള്ള ഡിസ്ട്രിക്റ്റ് കൗൺസിലർ ജിയോ സെബാസ്റ്റ്യൻ രംഗത്ത്. ജൂൺ 8-ന് രാത്രിയുണ്ടായ ഒരു കത്തിക്കുത്ത് ആക്രമണത്തെത്തുടർന്ന്, ജൂൺ 9 വൈകുന്നേരത്തോടെയാണ് ബെൽഫാസ്റ്റിൽ വ്യാപകമായ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. വീടുകളും വാഹനങ്ങളും പൊതുബസുമടക്കം അക്രമികൾ തീയിട്ടു നശിപ്പിച്ചു. വടക്കൻ അയർലൻഡിന്റെ മറ്റ് ഭാഗങ്ങളിലേക്കും സ്കോട്ട്‌ലൻഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിലേക്കും ഈ വംശീയ അക്രമങ്ങൾ പടർന്നിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ അതീവ ആശങ്കാജനകമാണെന്നും ഈ ഘട്ടത്തിൽ ഇടപെടേണ്ടത് തന്റെ കടമയാണെന്നും കൗൺസിലർ ജിയോ സെബാസ്റ്റ്യൻ വ്യക്തമാക്കി.
"ഇവർ നമ്മുടെ നഴ്സുമാരാണ്. രോഗികൾ എവിടെ നിന്ന് വരുന്നവരാണെന്ന് നോക്കാതെ, അവർക്കായി സ്വന്തം ജീവിതം സമർപ്പിക്കുന്നവരാണവർ. ജോലിക്ക് പോകുമ്പോൾ സുരക്ഷിതത്വബോധം ഉണ്ടാവുക എന്നത് അവരുടെ അവകാശമാണ്. നമ്മുടെ ഇന്ത്യൻ ആരോഗ്യപ്രവർത്തകർ ഇവിടെ ഒറ്റയ്ക്കല്ലെന്നും, അവർക്ക് മതിയായ സുരക്ഷയും പരിഗണനയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞാൻ തൊഴിലുടമകളുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ട്." കൗൺസിലർ ജിയോ സെബാസ്റ്റ്യൻ പറഞ്ഞു.
വംശീയ അക്രമങ്ങൾ ബാധിച്ച ഇന്ത്യൻ ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പ്രായോഗിക സുരക്ഷാ മാർഗ്ഗങ്ങളും മാനസിക പിന്തുണയും ഉറപ്പാക്കുന്നതിനായി വിവിധ തൊഴിലുടമകളുമായും കമ്മ്യൂണിറ്റി നെറ്റ്‌വർക്കുകളുമായും ജിയോ സെബാസ്റ്റ്യൻ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അതേസമയം, വടക്കൻ അയർലൻഡിലെ ആരോഗ്യരംഗത്തെ പ്രമുഖരും അന്താരാഷ്ട്ര ജീവനക്കാർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള ആരോഗ്യപ്രവർത്തകർ ഇല്ലെങ്കിൽ ഇവിടുത്തെ ആരോഗ്യസംരക്ഷണ സംവിധാനം തന്നെ തകരുമെന്നും, അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
