കുവൈത്തിൽ 'ലിറിക്ക' എന്ന ലഹരിമരുന്ന് നിർമ്മിച്ച് വിതരണം ചെയ്തിരുന്ന വൻ ശൃംഖലയെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ തകർത്തു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായപ്പോൾ, ഫാർമസ്യൂട്ടിക്കൽ കമ്പനികളെ വെല്ലുന്ന വ്യാവസായിക മെഷീനുകളുള്ള ഒരു ഫാക്ടറിയും സുരക്ഷാ സേന കണ്ടെത്തി.
കുവൈത്ത് സിറ്റി: കുവൈത്ത് വൻ ലഹരിമരുന്ന് വേട്ട. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ലഹരിമരുന്നായ 'ലിറിക്ക' വൻതോതിൽ നിർമ്മിച്ച് വിതരണം നടത്തിയിരുന്ന വൻ ശൃംഖലയെ ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ തകർത്തു. മൂന്ന് കുവൈത്ത് പൗരന്മാരും ജോർദാൻ, ഈജിപ്ത് സ്വദേശികളായ രണ്ടുപേരും ഉൾപ്പെടെ 5 പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ലഹരിമരുന്ന് ശൃംഖല തകർത്തത്.
സുരക്ഷാ സേന നടത്തിയ അന്വേഷണങ്ങൾക്കും രഹസ്യ നിരീക്ഷണങ്ങൾക്കും ഒടുവിലാണ് ലഹരി സംഘത്തിന്റെ കേന്ദ്രങ്ങൾ കണ്ടെത്തിയത്. പ്രതികൾ മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിലായിട്ടാണ് പ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്. രണ്ട് സ്ഥലങ്ങൾ ലിറിക്കയുടെ അസംസ്കൃത പൗഡറും നിർമ്മിച്ച ഗുളികകളും സംഭരിച്ചു വെക്കാനാണ് ഉപയോഗിച്ചിരുന്നത്. മൂന്നാമത്തെ കേന്ദ്രം വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനികളെ വെല്ലുന്ന തരത്തിലുള്ള വലിയ വ്യാവസായിക മെഷീനുകളും ഫില്ലിംഗ്-പാക്കിംഗ് ഉപകരണങ്ങളും സജ്ജീകരിച്ച് ഫാക്ടറിയാക്കി മാറ്റിയിരുന്നു. അംഗീകൃത മരുന്ന് കമ്പനികൾ പുറത്തിറക്കുന്ന യഥാർത്ഥ പ്രൊഡക്റ്റുകൾ എന്ന് തോന്നിക്കുന്ന വിധത്തിലാണ് ഇവർ ലിറിക്ക ഗുളികകൾ പാക്ക് ചെയ്ത് വിപണിയിലെത്തിക്കാൻ തയ്യാറാക്കിയിരുന്നത്. വിപണിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ സുരക്ഷാ സേന ഇവ പിടിച്ചെടുക്കുകയായിരുന്നു.


