പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പാകിസ്ഥാന്‍ പൗരന്‍ കുറ്റം സമ്മതിച്ചു. ആത്മഹത്യ ചെയ്താള്‍ക്ക് ബന്ധമുണ്ടായിരുന്ന മറ്റൊരു പുരുഷനൊപ്പമുള്ള ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ബ്ലാക് മെയില്‍ ചെയ്തു. തനിക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിത്തന്നില്ലെങ്കില്‍ ഇവ പുറത്തുവിടുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്.

ദുബായ്: മറ്റൊരു പുരുഷനൊപ്പമുള്ള ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് സുഹൃത്ത് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബ്ലാക് മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തിയയാള്‍ക്ക് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. ആത്മഹത്യ ചെയ്തയാള്‍ എഴുതിവെച്ച കുറിപ്പിലെ സൂചനകള്‍ പിന്തുടര്‍ന്നാണ് ദുബായ് പൊലീസ് 23 വയസുള്ള പാകിസ്ഥാന്‍ പൗരനെ പിടികൂടിയത്. 

അല്‍ ഖുസൈസിലെ താമസ സ്ഥലത്തെ ബാത്ത്റൂമിലാണ് ഫിലിപ്പൈന്‍ പൗരന്‍ തൂങ്ങിമരിച്ചത്. പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. ഇതില്‍ ഒരാള്‍ക്കെതിരായ പരാമര്‍ശമുണ്ടായിരുന്നെങ്കിലും ആളിന്റെ പേര് എഴുതിയിരുന്നില്ല. ചില അക്ഷരങ്ങള്‍ മാത്രമാണ് പകരം എഴുതിയിരുന്നത്. തുടര്‍ന്ന് ഇയാളുമായി ബന്ധപ്പെട്ട ആളുകളെ നിരീക്ഷിച്ച് പൊലീസ് പാകിസ്ഥാന്‍ പൗരനെ കുടുക്കുകയായിരുന്നു.

പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പാകിസ്ഥാന്‍ പൗരന്‍ കുറ്റം സമ്മതിച്ചു. ആത്മഹത്യ ചെയ്താള്‍ക്ക് ബന്ധമുണ്ടായിരുന്ന മറ്റൊരു പുരുഷനൊപ്പമുള്ള ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ബ്ലാക് മെയില്‍ ചെയ്തു. തനിക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിത്തന്നില്ലെങ്കില്‍ ഇവ പുറത്തുവിടുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്. ചിത്രങ്ങള്‍ സുഹൃത്ത് നല്‍കിയതാണെന്നും ഇയാള്‍ പറഞ്ഞു. തന്റെ പക്കല്‍ എല്ലാ ചിത്രങ്ങളും ഉണ്ടെന്ന് തെളിയിക്കാന്‍ വാട്സ്‍ആപ് വഴി ഇയാള്‍ക്ക് തന്നെ ഇവ അയച്ചുകൊടുത്തിരുന്നുവെന്നും പ്രതി സമ്മതിച്ചു. തുടര്‍ന്നാണ് കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.