റിയാദ്: ഉംറ യാത്രാസംഘം സഞ്ചരിച്ച വാഹനം മറിഞ്ഞ് മരിച്ച മലയാളി വനിതകളുടെ മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകും. വ്യാഴാഴ്ച രാത്രി റിയാദിന് സമീപമുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശിനികളായ റഹീനയും നഫീസയുമാണ് മരിച്ചത്. ദമ്മാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂർ മൂഴിപുറത്ത് ഷംസുദ്ദീന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. 

ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരിയും കൊടുവള്ളി, പുത്തുർ, പാലക്കാംതൊടിക അബ്ദുൽ വഹാബിന്റെ ഭാര്യയുമായ നഫീസയുമാണ് മരിച്ചത്. വർഷങ്ങളായി ഷംസുദ്ദീനും കുടുംബവും ദമ്മാമിലുണ്ട്. നാട്ടിൽ നിന്ന് സന്ദർശക വിസയിലെത്തിയ സഹോദരി നഫീസയും ഷംസുദ്ദീനും ഭാര്യ റഹീനയും മക്കളായ ഫിദ ഷംസുദ്ദീൻ, ഫുവാദ് ഷംസുദ്ദീൻ, റഹീനയുടെ അയൽവാസിയും ഷംസുദ്ദീന്റെ സ്ഥാപനത്തിലെ ജീവനക്കാരനുമായ അനീസുമാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. 

വ്യാഴാഴ്ച വൈകുന്നേരമാണ് ഫോർച്യൂണർ വാഹനത്തിൽ ഇവർ ഉംറക്ക് വേണ്ടി പുറെപ്പട്ടത്. റിയാദിൽ നിന്ന് 350 കിലോമീറ്റർ അകലെ മക്ക ഹൈവേയിൽ വച്ചായിരുന്നു അപകടമുണ്ടായത്. റോഡിന്റെ വശത്തെ ഡിവൈഡറിൽ ഇടിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. വണ്ടിയുടെ പിൻ സീറ്റിലിരുന്ന നഫീസയും റഹീനയും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചത്. ബാക്കിയുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. 

ഷംസുദ്ദീന്റെ കൈമുട്ടിലുണ്ടായ മുറവിൽ തുന്നലിട്ടു. മൃതദേഹങ്ങൾ അൽഅസാബ് ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്. ഒന്നര മാസം മുമ്പ് മകൻ ഫവാസ് അയച്ച സന്ദർശക വിസയിലാണ് നഫീസ ദമ്മാമിൽ വന്നത്. ഈ മാസം 25ന് തിരികെ പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു. 

Read More: സൗദി അറേബ്യയില്‍ മലയാളി കുടുംബം അപകടത്തിൽ പെട്ട് രണ്ട് മരണം