ഒമാനിലെ മിന്നൽ പ്രളയത്തിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. തൃത്താല സ്വദേശികളായ ഷംല, യൂസഫ്, എന്നിവരാണ് മരിച്ചത്.

മസ്കറ്റ്: ഒമാനിലെ മിന്നൽ പ്രളയത്തിൽ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. രാവിലെ 7.20ന് നെടുമ്പാശേരിയിൽ വിമാന മാർഗം എത്തിക്കുന്ന മൃതദേഹം രാവിലെ 11.30ഓടെ ജന്മനാടായ പാലക്കാട്‌ തൃത്താലയിൽ എത്തിക്കും. തൃത്താല സ്വദേശികളായ ഷംല, യൂസഫ്, എന്നിവരാണ് മരിച്ചത്. പെരുന്നാളിന് യാത്ര പോയപ്പോഴാണ് ഇവരുടെ കാർ മിന്നൽ പ്രളയത്തിൽപ്പെട്ടത്. കാണാതായ യൂസഫിന്റെ മാതാവ് റംലയ്ക്കായി തെരച്ചിൽ തുടരുകയാണ്.

ഇൻകാസ് നേതാവായ ലുബിഷാദ്, സുഹൃത്ത് യൂസഫ് എന്നിവരുടെ കുടുംബങ്ങൾ പെരുന്നാളാഘോഷത്തിന്റെ ഭാഗമായി ഒന്നിച്ച് ഒരു കാറിൽ യാത്ര പോയതായിരുന്നു. ലുബിഷാദ്, മരിച്ച യൂസഫിന്റെ ഭാര്യ, നാലു കുട്ടികൾ എന്നിവർ രക്ഷപ്പെട്ടു. ഒമാൻ മസ്ക്കറ്റ് ബർക്കയിലെ വാദിയിലാണ് വാഹനം ഒഴുക്കിൽപ്പെട്ടത്. ലുബിഷാദിന്റെ ഭാര്യ ഷംല ലുബിഷാദ്, തൃത്താല സ്വദേശി യൂസഫ് എന്നിവരാണ് മരിച്ചത്. ഒമാനിൽ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. വാഹനയാത്രക്കാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വടക്കൻ, തെക്കൻ അൽ ബാതിന ഗവർണറേറ്റുകളിലും മസ്കറ്റിന്റെ ചില ഭാഗങ്ങളിലും ശക്തമായ ഇടിമിന്നൽ മഴ മേഘങ്ങൾ നിലനിൽക്കുന്നുണ്ട്. വാദികൾക്ക് അരികിലേക്ക് പോകുന്നതിനും വാഹനമോടിക്കുന്നതിനും ജാഗ്രത വേണമെന്ന് നിർദേശമുണ്ട്.