സഫീർ ദുരന്തസ്ഥലത്ത് ജോലിക്കെത്തുന്നത് അപകടത്തിന് രണ്ട് ദിവസം മുമ്പാണ്. ഇതുമായി ബന്ധപ്പെട്ട കേസ് വിശദമായ അന്വേഷണത്തിലാണ്.
റിയാദ്: ഇക്കഴിഞ്ഞ ജൂൺ 25ന് സൗദി വടക്കൻ അതിർത്തി മേഖലയിലെ സകാക്കയിൽ തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ച തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി സലീമിെൻറ (54) മൃതദേഹം ഒരു മാസത്തിന് ശേഷം ഹാഇലിൽ ഖബറടക്കി. സക്കാക്ക സെൻട്രൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഹാഇൽ കിങ് സൽമാൻ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.
ഈ ദുരന്തത്തിൽ മരിച്ച മൂന്നാമത്തെ മലയാളിയാണ് സലിം. തിരുവനന്തപുരം പൂന്തുറ സ്വദേശി സഫീർ (46) അപകടസ്ഥലത്തും മലപ്പുറം ഒളകര സ്വദേശി ഉസ്മാൻ (48) ഒരാഴ്ചക്ക് ശേഷം ചികിത്സയിലിരിക്കേ സകാക്ക സെൻട്രൽ ആശുപത്രിയിലും മരണപ്പെട്ടിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ രണ്ടാഴ്ച മുമ്പ് ഹാരയിൽ ഒരേദിവസം ഖബറടക്കി. ഭാഗികമായി പൊള്ളലേറ്റ ഉസ്മാെൻറ മകൻ ഉവൈസ് ചികിത്സാർഥം നാട്ടിലേക്ക് പോയിരുന്നു. കൂടെയുണ്ടായിരുന്ന ഉത്തർപ്രദേശ്, നേപ്പാൾ സ്വദേശികൾ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. അനധികൃതമായ പെട്രോൾ ശേഖരണ കേന്ദ്രത്തിലെ ജോലിക്കാരായിരുന്നു സഫീറും സലീമും. ഇലക്ട്രീഷ്യനായിരുന്ന ഉസ്മാൻ മകനുമൊപ്പം അവിടെ ജോലിക്കായി പോയപ്പോഴാണ് ദുരന്തത്തിൽ പെട്ടത്. മൂന്ന് കുടുംബത്തിലെ അത്താണികളാണ് ദുരന്തത്തിൽ തുടച്ചുനീക്കപ്പെട്ടത്. സഫീറിെൻറ കൂടുംബം വാടകവീട്ടിലാണ് താമസിക്കുന്നതിപ്പോഴും. സലിം ഒമ്പത് വർഷത്തിലധികമായി നാട്ടിൽ പോകാനാകാതെ നിയമകുരുക്കിൽ പെട്ടു കഴിയുകയായിരുന്നു.
അതെല്ലാം അതിജീവിച്ച് എംബസി വളൻറിയർ സുധീർ ഹംസയുടെ സഹായത്താൽ ഔട്ട് പാസ് കരസ്ഥമാക്കി നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുമ്പോഴാണ് ദുരന്തത്തിൽ പെടുന്നത്. സഫീർ ദുരന്തസ്ഥലത്ത് ജോലിക്കെത്തുന്നത് അപകടത്തിന് രണ്ട് ദിവസം മുമ്പാണ്. ഇതുമായി ബന്ധപ്പെട്ട കേസ് വിശദമായ അന്വേഷണത്തിലാണ്. അനധികൃത കേന്ദ്രത്തിലെ അപകടമരണമായതിനാൽ മരിച്ചവരുടെ നിസഹായരും നിരാലംബരുമായ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യതകളൊന്നും നിലവിലില്ല. സകാക്കയിലും ദൗമത്തുൽ ജൻഡലിലും ഹാഇലിലും നിയമനടപടിക്രമങ്ങൾ സുധീർ ഹംസ, ഹമീദ്, ചാൻസ റഹ്മാൻ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർ ചേർന്ന് പൂർത്തീകരിച്ചു.
