റിയാദിലെ ബത്ഹയിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം സ്വദേശി വിജയരാജ് ചെല്ലെൻറ മൃതദേഹം നാട്ടിലെത്തിച്ചു. ഇഖാമ കാലാവധി കഴിഞ്ഞതും സാമ്പത്തിക ബാധ്യതകളും കാരണം നടപടികൾ വൈകിയെങ്കിലും ഇന്ത്യൻ എംബസിയുടെയും കേളി കലാസാംസ്കാരിക വേദിയുടെയും ഇടപെടലിൽ മൃതദേഹം നാട്ടിലെത്തിക്കുകയായിരുന്നു.
റിയാദ്: സൗദി അറേബ്യയിലെ ബത്ഹയിലെ ഫറസ്ദഖ് റോഡരികിൽ കുഴഞ്ഞുവീണ് മരിച്ച തിരുവനന്തപുരം ചെങ്കവിള സ്വദേശി വിജയരാജ് ചെല്ലെൻറ (45) മൃതദേഹം നാട്ടിലെത്തിച്ചു. ചെങ്കവിള കടവില പുത്തൻവീട്ടിൽ ചെല്ലൻ–പൽസി ദമ്പതികളുടെ മകനാണ്. ഇഴിൽ പ്രഭയാണ് ഭാര്യ; ഷാരോൺ വിജയ്, ഷാന വിജയ് എന്നിവർ മക്കളാണ്.
15 ദിവസം മുമ്പാണ് റോഡരികിലൂടെ നടക്കുന്നതിനിടെ വിജയരാജിന് ശാരീരിക അസ്വസ്ഥതയും തളർച്ചയുമുണ്ടായി പെട്ടെന്ന് കുഴഞ്ഞുവീണത്. വിവരം അറിഞ്ഞ് സമീപത്തുണ്ടായിരുന്നവരുടെ അറിയിപ്പ് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് വർഷം മുമ്പ് നിർമാണ മേഖലയിൽ തൊഴിലാളിയായാണ് വിജയരാജ് റിയാദിലെത്തിയത്. മൂന്ന് വർഷത്തോളം ഈ മേഖലയിൽ ജോലി ചെയ്ത ശേഷം അദ്ദേഹം മറ്റ് ജോലികളിലേക്ക് മാറിയിരുന്നു. ഇതിനിടെ നാല് മാസം മുമ്പ് അദ്ദേഹത്തിെൻറ ഇഖാമയുടെ കാലാവധി അവസാനിച്ചിരുന്നു.
കൂടാതെ, ജോലി ആവശ്യത്തിനായി രണ്ട് ഇടങ്ങളിൽനിന്ന് കാർ വാടകയ്ക്കെടുത്ത വകയിൽ വലിയൊരു തുക അടയ്ക്കാനുണ്ടായിരുന്നതിനാൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിടുകയും ചെയ്തു. തുടർന്ന് കുടുംബത്തിെൻറ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ എംബസ്സിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവുകളും വഹിച്ചത്. നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കും ഏകോപനത്തിനും കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.


