സന്ദർശക വിസയിൽ സൗദിയിലെ അബഹയിൽ എത്തിയ മലയാളി യുവതി മുഹ്‌സിന(32)യുടെ മൃതദേഹം ഖബറടക്കി.
റിയാദ്: സന്ദർശക വിസയിൽ സൗദിയിലെ അബഹയിൽ എത്തിയ മലയാളി യുവതി മുഹ്‌സിന(32)യുടെ മൃതദേഹം ഖബറടക്കി. അരീക്കോടിനടുത്ത് കടുങ്ങല്ലൂർ വാച്ചാ പുറവൻ മുഹമ്മദ് ഹാജിയുടേയും നഫീസക്കുട്ടിയുടേയും മകളാണ് മുഹ്‌സിന. ഖമീസ് മുഷൈത്തിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
ജിസാനിലെ ദര്‍ബില്‍ പെട്രോള്‍ പമ്പ് മെയിന്റനന്‍സ് ജോലി ചെയ്യുന്ന ഭര്‍ത്താവ് എടവണ്ണപ്പാറ ചീക്കോട് മൂസ ഹര്‍ഷാദിനടുത്തേക്ക് സന്ദര്‍ശക വിസയില്‍ റമദാന്‍ പത്തിനാണ് മൂന്ന് കുട്ടികളുമൊത്ത് മുഹ്‌സിന എത്തിയത്. കുട്ടികളുടെ സ്‌കൂള്‍ അവധി കഴിയുന്ന മുറയ്ക്ക് നാട്ടിലേയ്ക്ക് തിരിക്കാനിരിക്കേയാണ് പനിയും ചെറിയ അസ്വസ്ഥതകളും ആരംഭിച്ചത്. ചികിത്സക്കായി ഖമീസിലെ ഹോസ്പിറ്റലില്‍ എത്തിയെങ്കിലും ശ്വാസതടസ്സവും മറ്റും അധികരിച്ചതിനെ തുടര്‍ന്ന് സൗദി ജര്‍മന്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ ഹോസ്പിറ്റലിലേയ്ക്കുള്ള യാത്രക്കിടെ സ്‌ട്രോക്കിനെ തുടര്‍ന്ന് നില വഷളാവുകയുമായിരുന്നു.
ഉടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും നാലാംനാള്‍ മസ്തിഷ്‌ക മരണം സംഭവിച്ചു. ഒ ഐ സി സി ദക്ഷിണ മേഖലാ പ്രസിഡന്റും ജിദ്ദ കോണ്‍സുലേറ്റ് വെല്‍ഫയര്‍ വിഭാഗം മെമ്പറുമായ അഷ്‌റഫ് കുറ്റിച്ചലിന്റെ ഇടപെടലിലൂടെ തുടര്‍ ചികിത്സക്കായി അത്യാധുനിക സംവിധാനങ്ങളുള്ള അസീര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങള്‍ തുടരുന്നതിനിടെയായിരുന്നു മരണം.
Read more: നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് ഫുട്ബാൾ മത്സരത്തിന് ജിദ്ദയിൽ തുടക്കം
മൃതദേഹം ഖബറടക്കുന്നതിനുളള നടപടിക്രമങ്ങള്‍ ഖമീസ് കെ.എം.സി.സി ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഇബ്രാഹിം പട്ടാമ്പിയുടെ നേത്യത്വത്തിലാണ് പൂര്‍ത്തിയാക്കിയത്. മക്കളായ മിഥുലാജ്, ആയിശ ഹന്ന, ഫാത്തിമ സുഹറ, എന്നിവര്‍ നാട്ടിലേക്ക് തിരിച്ചിരുന്നു. സഹോദരന്‍: ഷബീര്‍, സഹോദരിമാര്‍: സുഹറാബി, ബുഷ്‌റ, റഷീദ.
