മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ അനുമാനം. മറ്റൊരു എമിറേറ്റില്‍ വെച്ച് മുങ്ങിമരിച്ചയാളുടെ മൃതദേഹം തിരമാലകളില്‍പെട്ട് ഷാര്‍ജ തീരത്തുവന്നതാവാനുള്ള സാധ്യതയാണ് കാണുന്നത്.
ഷാര്‍ജ: ഷാര്‍ജയിലെ ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ബീച്ചിലെ ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ മൃതദേഹം കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്‍തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചത്. ബീച്ചിനും, തീരത്ത് സ്ഥാപിച്ചിട്ടുള്ള വേവ് ബ്രേക്കറിനും ഇടയിലായിരുന്നു മൃതദേഹം. തിരിച്ചറിയല്‍ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. പൊലീസ് പട്രോള്‍ സംഘവും പാരാമെഡിക്കല്‍ ജീവനക്കാരും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി മാറ്റി.
മരണപ്പെട്ടത് ഇന്ത്യക്കാരനാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ അനുമാനം. മറ്റൊരു എമിറേറ്റില്‍ വെച്ച് മുങ്ങിമരിച്ചയാളുടെ മൃതദേഹം തിരമാലകളില്‍പെട്ട് ഷാര്‍ജ തീരത്തുവന്നതാവാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാല്‍ കൊലപാതകം പോലുള്ള മറ്റ് സാധ്യതകളും തള്ളിക്കളഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.
വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്
അജ്‍മാന്‍: വീടുകളില്‍ സ്ഥാപിക്കന്ന സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലടക്കം എവിടെയും പങ്കുവെയ്‍ക്കരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. അതേസമയം വീടുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക ക്യാമ്പയിനിനും അജ്‍മാന്‍ പൊലീസ് തുടക്കം കുറിച്ചു.
Read also: മയക്കുമരുന്നുമായി ബഹ്റൈനില്‍ പിടിയിലായ ഇന്ത്യക്കാരന് 15 വര്‍ഷം തടവ്
സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് അജ്‍മാന്‍ പൊലീസ് സംഘടിപ്പിക്കുന്ന 'ഐസ് ഓഫ് ഹോം' എന്ന ക്യാമ്പയിന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി മേജര്‍ നൂറ സുല്‍ത്താന്‍ അല്‍ ശംസിയാണ് വിശദീകരിച്ചത്. ഏത് തരം കുറ്റകൃത്യങ്ങളും തെളിയിക്കുന്നതിന് നിരീക്ഷണ ക്യാമറകള്‍ പൊലീസിനെ വളരെയധികം സഹായിക്കാറുണ്ട്. എന്നാല്‍ ആളുകളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടകുണ്ടെന്നും അവര്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ അതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എവിടെയും പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടുന്നവര്‍ അതിന്റെ നിയമപരമായ പ്രത്യാഘാതം കൂടി അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്. ഇത്തരം കാര്യങ്ങള്‍ പൊതുജനങ്ങളില്‍ ഭീതിയുണ്ടാക്കുമെന്നതിനാല്‍ അവ സുരക്ഷയെ അസ്ഥിരമാക്കാനും അതുവഴി പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനും കാരണമാവുമെന്നും അവര്‍ പറഞ്ഞു.
