ഇംഗ്ലണ്ടിലും സ്കോട്ലന്റിലും വെയില്‍സിലും 24 ആഴ്ച വരെ ഗര്‍ഭഛിദ്രം അനുവദനീയമാണെങ്കിലും പത്ത് ആഴ്ചയ്ക്ക് മേല്‍ ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചയുണ്ടെങ്കില്‍ ആശുപത്രിയിലോ ക്ലിനിക്കിലോ വെച്ചേ ഗര്‍ഭഛിദ്രം നടത്താവൂ എന്നാണ് നിയമം.
ലണ്ടന്‍: നിയമപരമായി അനുവദനീയമായ സമയപരിധിക്ക് ശേഷം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കഴിച്ച് ഗര്‍ഭം അലസിപ്പിച്ച സ്‍ത്രീക്ക് യുകെയില്‍ രണ്ട് വര്‍ഷം ജയില്‍ ശിക്ഷ. കൊവിഡ് സമയത്ത് നടപ്പാക്കിയ 'പില്‍സ് ബൈ പോസ്റ്റ്' എന്ന സംവിധാനം ദുരുപയോഗം ചെയ്‍താണ് ഇവര്‍ ഗുളിക വാങ്ങിയതെന്നും അധികൃതര്‍ കണ്ടെത്തി. മൂന്ന് കുട്ടികളുടെ അമ്മയായ 44 വയസുകാരിയാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്.
പത്ത് ആഴ്ച വരെ പ്രായമുള്ള അലസിപ്പിക്കാനാണ് കൊവിഡ് മഹാമാരിക്കാലത്ത് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നത്. ഇതിലൂടെ ഓണ്‍ലൈനായി ഡോക്ടറുമായി സംസാരിച്ച ശേഷം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക ലഭ്യമാക്കിയിരുന്നു. എന്നാല്‍ 28 ആഴ്ച ഗര്‍ഭിണി ആയിരുന്ന യുവതി, ബ്രിട്ടീഷ് പ്രെഗ്‍നന്‍സി അഡ്വൈസറി സര്‍വീസിനെ തെറ്റിദ്ധരിപ്പിച്ചാണ് ഗര്‍ഭഛിദ്രം നടത്തിയത്. ഗര്‍ഭഛിദ്രം നടത്തിയ സമയത്ത് ഗര്‍ഭസ്ഥ ശിശുവിന് 32 മുതല്‍ 34 ആഴ്ച വരെ (ഏഴ് മാസത്തിനും എട്ട് മാസത്തിനും ഇടയില്‍) പ്രായമുണ്ടെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.
ഇംഗ്ലണ്ടിലും സ്കോട്ലന്റിലും വെയില്‍സിലും 24 ആഴ്ച വരെ ഗര്‍ഭഛിദ്രം അനുവദനീയമാണെങ്കിലും പത്ത് ആഴ്ചയ്ക്ക് മേല്‍ ഗര്‍ഭസ്ഥ ശിശുവിന് വളര്‍ച്ചയുണ്ടെങ്കില്‍ ആശുപത്രിയിലോ ക്ലിനിക്കിലോ വെച്ചേ ഗര്‍ഭഛിദ്രം നടത്താവൂ എന്നാണ് നിയമം. 2019 ഡിസംബറില്‍ തന്നെ താന്‍ ഗര്‍ഭിണി ആണന്ന് തിരിച്ചറിഞ്ഞ യുവതി 2020 മേയ് മാസത്തിലാണ് ഗര്‍ഭഛിദ്രത്തിന് ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ എടുത്തതെന്ന് കേസ് രേഖകള്‍ പറയുന്നു.
തെറ്റായ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിച്ച് ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക വാങ്ങിയ ഇവര്‍ വീട്ടില്‍ വെച്ച് ഗുളിക കഴിച്ചെങ്കിലും പിന്നീട് ശാരീരികാവസ്ഥ മോശമായതോടെ എമര്‍ജന്‍സി സര്‍വീസസുമായി ബന്ധപ്പെടുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രി അധികൃതരമാണ് വിവരം പൊലീസിനെ അറിയിച്ചത്. ഗുളിക ലഭിക്കാന്‍ വേണ്ടി താന്‍ നുണ പറഞ്ഞതാണെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.
24 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭഛിദ്രം നടത്തുന്നതിനെക്കുറിച്ചും അങ്ങനെ ചെയ്‍താലുള്ള നിയമ നടപടികളെക്കുറിച്ചും യുവതി ഇന്റര്‍നെറ്റില്‍ പരതിയിരുന്നതായും കണ്ടെത്തി. അതേസമയം യുവതിയെ ശിക്ഷിക്കാന്‍ ഉപയോഗിച്ച 1861ലെ നിയമം കാലഹരണപ്പെട്ടതാണെന്നും ഗര്‍ഭഛിദ്രം സംബന്ധിച്ച നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
