സെപ്തംബറിലാണ് മോഷണം നടത്തിയത്. അവധി ആഘോഷിക്കാനായി വീട്ടിലുള്ളവര്‍ പുറത്തുപോയിരുന്നു. തിരികെ വന്നപ്പോള്‍ വീട്ടിയെ മുന്‍വശത്തുള്ള വാതില്‍ തകര്‍ത്തതായും നിരവധി സാധനങ്ങള്‍ നശിപ്പിക്കപ്പെട്ടതായും കണ്ടെത്തി.

ഷാര്‍ജ: ഫ്ലാറ്റില്‍ ആളില്ലാത്ത സമയത്ത് മോഷണം നടത്തിയതിന് പിടിക്കപ്പെട്ട പ്രതി വിചാരണയ്ക്കിടെ ഉയര്‍ത്തിയത് വിചിത്രവാദം. വീട്ടിലെ അടുക്കളയില്‍ ക്യാബിനറ്റും ജനലുകളും അറ്റകുറ്റപ്പണി നടത്താനാണ് താന്‍ അകത്തുകടന്നതെന്നായിരുന്നു ഷാര്‍ജ കോടതിയില്‍ വെച്ച് പ്രതി വാദിച്ചത്. എന്നാല്‍ പ്രതിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും പറയുന്നത് പച്ചക്കള്ളമാണെന്നും വീട്ടുടമ കോടതിയെ അറിയിച്ചു.

സെപ്തംബറിലാണ് മോഷണം നടത്തിയത്. അവധി ആഘോഷിക്കാനായി വീട്ടിലുള്ളവര്‍ പുറത്തുപോയിരുന്നു. തിരികെ വന്നപ്പോള്‍ വീട്ടിയെ മുന്‍വശത്തുള്ള വാതില്‍ തകര്‍ത്തതായും നിരവധി സാധനങ്ങള്‍ നശിപ്പിക്കപ്പെട്ടതായും കണ്ടെത്തി. പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വീട്ടിനുള്ളില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിക്കുകയും ഇത് പിന്‍തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാല്‍ വീട്ടുടമയെ തനിക്ക് നേരത്തെ അറിയാമെന്നും വീട്ടില്‍ താന്‍ നേരത്തെ പോയിട്ടുള്ളത് കൊണ്ടാണ് വിരലടയാളം കണ്ടെത്തിയതെന്നും ഇയാള്‍ വാദിച്ചു. താന്‍ വീട്ടില്‍ പോയ സമയത്ത് അവിടെ ജോലിക്കാരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. ജനലുകളിലും കിച്ചണ്‍ ക്യാബിനറ്റിലും അറ്റകുറ്റപ്പണി നടത്തിയ ശേഷം തിരികെ പോവുകയായിരുന്നു - പ്രതി വാദിച്ചു. എന്നാല്‍ തന്റെ വീട്ടില്‍ ജോലിക്കാരിയില്ലെന്നും ഇയാള്‍ വീട്ടിനുള്ളില്‍ കയറിയ സമയത്ത് ആരും വീട്ടിലുണ്ടായിരുന്നെന്നും വീട്ടുടമസ്ഥനും പറഞ്ഞു. കേസ് അടുത്തമാസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണിപ്പോള്‍.