കുവൈത്ത് സിറ്റി: ചൊവ്വാഴ്‍ച അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ മൃതദേഹം അമേരിക്കയില്‍ നിന്ന് ബുധനാഴ്‍ച കുവൈത്തിലെത്തിക്കും. ചൊവ്വാഴ്‍ച അമീരി ദിവാനില്‍ നിന്നാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. പ്രത്യേക സാഹചര്യം പരിഗണിച്ച് മരണാന്തര ചടങ്ങുകളില്‍ ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങളും പൊതുജനാരോഗ്യ സംരക്ഷണവും മുന്‍നിര്‍ത്തിയാണ് ചടങ്ങുകള്‍ ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തി നടത്താന്‍ തീരുമാനിക്കുന്നതെന്ന് അമീരി ദിവാന്‍ അഫയേഴ്‍സ് മന്ത്രി ശൈഖ് അലി ജറ അല്‍ സബാഹ് അറിയിച്ചു. അന്തരിച്ച അമീറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെ വികാരത്തെ ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമേരിക്കയിൽ ചികിത്സയിലായിരുന്ന കുവൈറ്റ് അമീർ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ചൊവ്വാഴ്ചയാണ് വിടവാങ്ങിയത്. ആധുനിക കുവൈത്തിന്റെ ശില്പികളിൽ ഒരാളായ അമീർ 40 വർഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. ജൂലൈയിലാണ് അമീറിനെ വിദഗ്ദ്ധ ചിക്തസയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയത്. 2014 ൽ  ഐക്യരാഷ്ട്രസഭ മാനുഷിക സേവനത്തിന്റെ ലോക നായക പട്ടം നൽകി ആദരിച്ചിരുന്നു. അമീറിന്റെ വിയോഗത്തെ തുടർന്ന് കുവൈത്ത് മൂന്ന് ദിവസത്തെ പൊതു അവധിയും 40 ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചിരിക്കുകയാണ്.