ദുബായ്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയ്ക്ക് ഐക്യദാര്‍ഢ്യവുമായി യുഎഇ. ബുര്‍ജ് ഖലീഫ അടക്കമുള്ള ബഹുനില കെട്ടിടങ്ങളില്‍ കഴിഞ്ഞ ദിവസം ചൈനീസ് പതാക പ്രദര്‍ശിപ്പിച്ചായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്. 

ബുര്‍ജ് ഖലീഫ, അബുദാബിയിലെ അഡ്‍നോക് ആസ്ഥാനം, ക്യാപ്പിറ്റല്‍ ഗേറ്റ്, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, എമിറേറ്റ്സ് പാലസ് ഹോട്ടല്‍, അബുദാബിയിലെ ശൈഖ് സായിദ് ബ്രിഡ്‍ജ്, ദുബായ് ബുര്‍ജ് അല്‍ അറബ്, അല്‍ ഐനിലെ ഹസ്സ ബിന്‍ സായിദ് സ്റ്റേഡിയം തുടങ്ങിയ കെട്ടിടങ്ങളാണ് ചൈനീസ് പതാകയുടെ വര്‍ണങ്ങളില്‍ പ്രകാശിതമായത്. 

വിവിധ ലോകരാജ്യങ്ങളുടെ നേട്ടങ്ങളില്‍ അഭിനന്ദനം അറിയിച്ചും വിശേഷ ദിവസാചരണങ്ങളില്‍ പങ്കുചേര്‍ന്നും ബുര്‍ജ് ഖലീഫയില്‍ അതത് രാജ്യങ്ങളുടെ ദേശീയ പതാകയും മറ്റ് ചിത്രങ്ങളും സന്ദേശങ്ങളുമൊക്കെ പ്രദര്‍ശിപ്പിക്കാറുണ്ട്. അതുപോലെ ചൈനയുടെ ദുഃഖത്തിലും പങ്കുചേര്‍ന്ന് രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് യുഎഇ.